മൊഴി വിശ്വസനീയമല്ല, വൈദ്യപരിശോധനയിലും തെളിവില്ല ; കേരളത്തെ ഞെട്ടിച്ച മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവ് നിരപരാധി
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം. തിരുവനന്തപുരം കടയ്ക്കാവൂരില്‍ നിന്നും നേരത്തേ പുറത്തുവന്ന വാര്‍ത്തയില്‍ അമ്മ നിരപരാധിയെന്നും മകന്റെ മൊഴി വിശ്വസനീയമല്ലെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പരാതിപ്പെട്ടത് മുന്‍ ഭര്‍ത്താവാണെന്നും വൈദ്യ പരിശോധനയിലും തെളിവ് കണ്ടെത്താനായില്ല എന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിന് പിന്നില്‍ കുട്ടിയുടെ പിതാവും രണ്ടാം ഭാര്യയുമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മകന്റെ ആദ്യമൊഴി, ഭര്‍ത്താവിന്റെ പരാതി എന്നിവയില്‍ കഴിഞ്ഞുള്ള തെളിവുകള്‍ കേസിലില്ലെന്നും പരാതി പൂര്‍ണ്ണമായും വ്യാജമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട പല സാഹചരങ്ങള്‍ കാരണം പോലീസിന് ആദ്യം മുതല്‍ ഈ കേസില്‍ സംശയം ഉണ്ടായിരുന്നു. കുട്ടിയെ വിദഗദ്ധരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ കുട്ടി നല്‍കിയിരുന്ന ആദ്യ മൊഴി മാറ്റി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കേസിനെ ന്യായീകരിക്കുന്ന തെളിവുകള്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.
30 ദിവസത്തിലധികം ദിവസം മാതാവ് ജയിലില്‍ കിടന്ന കേസില്‍ മനശ്ശാസ്ത്ര വിദഗദ്ധര്‍ അടക്കമുള്ള മെഡിക്കല്‍ സംഘം തിരുവനന്തപുരത്ത് പ്രത്യേക മെഡിക്കല്‍ബോര്‍ഡ് കൂടി കുട്ടിയെ 12 ദിവസത്തോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായിരുന്നല്ല. കൗണ്‍സിലിംഗിനും വിധേയമാക്കിയിരുന്നു. എസ്പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമായിരുന്നു അന്വേഷണം നടത്തിയത്.
അമ്മയ്ക് എതിരേ ഉയര്‍ന്ന പരാതി തെറ്റായിരുന്നു എന്ന വാദം ശരിവെച്ചുള്ള റിപ്പോര്‍ട്ടാണ് അന്വേഷണസംഘം നല്‍കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതാകാം പരാതിക്ക് കാരണമായതെന്നാണ് കരുതുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് മാതാവ്. ഇവര്‍ക്ക് മറ്റ് രണ്ട് ആണ്മക്കളും ഒരു മകളും കൂടിയുണ്ട്. വിവാഹമോചനത്തില്‍ ഏര്‍പ്പെട്ട ശേഷം മൂന്ന് കുട്ടികളുമായി ഭര്‍ത്താവ് വിദേശത്തേക്ക് പോയിരുന്നു. മക്കളുടെ സംരക്ഷണയുടെ കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ട്.
കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും ജീവനാംശത്തിനുമായി യുവതി കോടതിയിൽ പരാതി നൽകിരുന്നു ഇതിനിടെയാണ് കുട്ടിയുമൊത്ത് നാട്ടിലെത്തി പിതാവ് പരാതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വിവാഹബന്ധം വേർപ്പെടുത്താതെ തന്നെ ഭര്‍ത്താവ് 2019ൽ വേറെ വിവാഹം കഴിച്ചു താമസം മാറിയെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നീട് ആക്ഷൻ കൗൺസിലിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഐജിക്ക് കൈമാറി ഡിജിപി ഉത്തരവിറക്കിയത്.
പരാതിയുടെ കാരണവും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ സ്വകാര്യത മാനിച്ച് പുറത്തുവിട്ടിട്ടില്ല. 13 വയസ്സുള്ള കുട്ടിയുടെ പീഡന പരാതിയിൽ മാതാവിനെതിരെ ഡിസംബർ 18നാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. കേസില്‍ മാതാവ് ജയിലിലായിരുന്നു. പിന്നീട് കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതിയായിരുന്നു. മാതാവിന് ജാമ്യം നല്‍കുകയും ചെയ്തു.