കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ച സ്ത്രീ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസി പിടിയിലായി
കുറ്റിപ്പുറം: നടുവട്ടം വെള്ളറമ്പ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടി. അയല്‍വാസിയായ ചീരന്‍കുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു വയോധിക. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വീടിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച് കമ്പിയും കരിങ്കല്ലും കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന്റെ ഉമ്മറത്ത് തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ചുതാമസിക്കുന്ന ഇവരെ രാവിലെ ഏറെനേരമായിട്ടും പുറത്തുകാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വന്നുനോക്കിയപ്പോഴാണ് സംഭവം കണ്ടത്.
കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടരലക്ഷത്തോളം രൂപ കണ്ടെടുത്തിരുന്നു. കൂടുതല്‍ പണമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ പോലീസിനും വ്യക്തതയില്ല. നാട്ടുകാരായ 15 പേരില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. ഇതാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്.
അടിയേറ്റ് തലയോട്ടി പിളരുകയും തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നതായി കുഞ്ഞിപ്പാത്തുമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. മാരകമായ അഞ്ച് മുറിവുകളാണ് തലയിലുണ്ടായിരുന്നത്. കനമുള്ള വസ്തു ഉപയോഗിച്ചാണ് തലയ്ക്കടിച്ചിട്ടുള്ളതെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.