വിദ്യാനഗറിലെ രാജവീഥിയിൽ ഇനി അശോക വൃക്ഷങ്ങൾ തണൽ വിരിക്കും
കാസർകോട്: കാസർകോട്ടുകാർക്ക് ചിര പരിചിതമല്ലാത്ത റോളർ സ്കേറ്റിങിൽ ഇനി ഒരു കൈ നോക്കാം. നായമ്മാർ മൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ മുതൽ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതി വരെയുള്ള പാതയാണ് റോളർ സ്കേറ്റിങ് പരിശീലനസൗകര്യത്തോടെ മിനുക്കിയെടുക്കുന്നത്. റോളർ സ്കേറ്റിങ് പരിശീലന സൗകര്യത്തോടെയുള്ള പാതയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 250 മീറ്ററിലാണ് റോഡ് നവീകരണം. നവീകരിക്കുന്ന പാതയുടെ അരികുകളിൽ തണൽ വിരിക്കാൻ അശോക മരവും തളിർക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അശോക മരങ്ങളുടെ നടീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ എന്നിവരും തൈകൾ നട്ടു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് പാത നവീകരണം. നടപ്പാതകളിൽ ഇന്റർ ലോക്ക് പാകും. സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് സ്കേറ്റിങ് സൗകര്യം ഒരുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്. പരമ്പരാഗത കായിക ഇനങ്ങൾക്കൊപ്പം മറ്റു കായിക മേഖലയിൽ കൂടി കുട്ടികൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി.
രാവിലെ 6 മുതൽ 8 വരെയും വൈകീട്ട് 6 മുതൽ 8 വരേയും റോളർസ്കേറ്റിങ്ങ് പരിശീലനം നൽകും. പൊതു ഇടങ്ങൾ കൂടുതൽ സൃഷ്ടിക്കാനുള്ള സർക്കാർ ഉത്തരവ് യഥാർത്യമാക്കുന്നതിന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിൻ്റെ ആശയമാണ് ഫലപ്രാപ്തിയിലെത്തുന്നത്.
പ്രഭാത സവാരിക്കും സൗകര്യമുണ്ടാകും. കാസർകോട് ജില്ലയിലെ മാതൃകാ വീഥിയായി ഇത് മാറും