നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഈ വർഷം അവസാനത്തോടെ പൂർത്തിയാവും.
നീലേശ്വരം: അത്യുത്തര കേരളത്തിലെ ഉള്‍നാടന്‍ ജല ഗതാഗത വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയൊരുണര്‍വ് നല്കുന്ന നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും ടൂറിസം റോഡിന്റെയും നിര്‍മ്മാണം
ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കും. മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 8 കോടി രൂപ ചെലവഴിച്ചാണ് കോട്ടപ്പുറത്ത് ഹൗസ് ബോട്ട് ടെർമിനൽ നിർമ്മാണം പുരോഗമിക്കുന്നത്.
ജില്ലയിലെ ഏക ഹൗസ് ബോട്ട് ടെര്‍മിനലാണ് കോട്ടപ്പുറത്ത് യാഥാര്‍ത്ഥ്യമാകുന്നത്. ടൂറിസം വകുപ്പിന് കീഴിൽ ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് പദ്ധതിയുടെ ചുമതല.
132 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന ഹൗസ് ബോട്ട് ടെർമിനലിൽ മൂന്ന് ബോട്ട് ജെട്ടികളും, യാത്രക്കാർക്കുള്ള നടപ്പാതയും, ഇരിപ്പിട
സൗകര്യങ്ങളും ഉണ്ടാകും. കാസർകോട്, കണ്ണൂർ ജില്ലകളിലെ പുഴ, കായൽ
എന്നിവ ബന്ധിപ്പിച്ച് ടൂറിസം വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലനാട് ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കോട്ടപ്പുറത്ത് പദ്ധതി ആരംഭിച്ചത്. നിലവിൽ മുപ്പതോളം
ഹൗസ്ബോട്ടുകളുള്ള കോട്ടപ്പുറത്ത് പദ്ധതി യാഥാർത്ഥ്യമാകുന്നതോടു കൂടി ഇപ്പോഴുള്ള അസൗകര്യങ്ങൾ ഒഴിവാകുകയും കായൽ ടൂറിസത്തിന്റെ വളർച്ചക്ക്
വലിയസഹായകരമാകുകയും ചെയ്യും. ഹൗസ്ബോട്ട് ടെർമിനലിലേക്ക് കോട്ടപ്പുറം ഹയർസെക്കന്ററി സ്കൂളിന് പടിഞ്ഞാറ് ഭാഗത്തു കൂടി ഒരു കോടി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന അനുബന്ധ റോഡ് പണി പുരോഗമിക്കുകയാണ്.
പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നതിനുവേണ്ടി തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ,
കാസർഗോഡ് ജില്ലാ കളക്ടർ, ഡോ: ഡി.സജിത്ത്ബാബു, നഗരസഭാ ചെയർപേഴ്സൺ
ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ്റാഫി, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.ഗൗരി, കൗൺസിലർമാരായ റഫീക് കോട്ടപ്പുറം, ഷംസുദ്ദീൻ അരിഞ്ചിറ, ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, ഡി ടി പി സി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.