മുഖ്യമന്ത്രി റോമാനഗരം കത്തുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയെപ്പോലെ: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: റോമാനഗരം കത്തുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളേജ് കാലത്തെ വീരകഥകള്‍ പറയുകയാണ്.
ഞാനും പഠിച്ചത് കണ്ണൂരിലെ സര് സയ്യിദ് കോളേജിലാണ്. എനിക്കും കുറേ കഥകള്‍ പറയാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മരംമുറി പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ നിലനില്ക്കുമ്പോള് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് ഭരണാധികാരി പറയേണ്ടത്. അല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ എതിരാവും.
സര്‍ക്കാരിനെ കൃത്യമായി ഓഡിറ്റ് ചെയ്യും. പ്രതിപക്ഷം പ്രതിപക്ഷത്തിന്റെ റോള്‍ എടുക്കും.
ഭരണകൂടത്തെ വിമര്‍ശിക്കേണ്ട ഘട്ടത്തില്‍ വിമര്‍ശിക്കും. വര്‍ത്തമാനം പറയുകയല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മനുഷ്യന്റെ ദയനീയാവസ്ഥ കണ്ട് വീരഗാഥ പറയാന്‍ കഴിയുന്നത് എങ്ങനെയാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.