മോഹനന് വൈദ്യര്‍ക്ക് കൊവിഡുണ്ടായിരുന്നതായി പരിശോധനാഫലം
മരിച്ചത് ആധുനിക ചികിത്സയെ വെല്ലുവിളിച്ച വ്യക്തി.
കാലടി: മോഹനന് വൈദ്യര് എന്ന പേരിലറിയപ്പെട്ടിരുന്ന മോഹനന് നായര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം മരിച്ച അദ്ദേഹത്തിന് മരണാന്തരം നടത്തിയ പരിശോധനയിലാണ കൊവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ശനിയാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരം കാലടിയുള്ള ബന്ധുവീട്ടില്‍ മോഹനന് നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ പനിയും ശ്വാസതടസവും ഛര്‍ദ്ദിയുമടക്കമുള്ള ശാരീരികാസ്വസ്ഥതകള്‍ മോഹനന് നായര്‍ക്ക് അനുഭവപ്പെട്ടിരുന്നു. വൈകീട്ടോടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കെത്തിക്കും മുന്‍പേ മരിക്കുകയായിരുന്നു.
ആധുനിക ചികിത്സയെ വെല്ലുവിളിക്കുന്ന തരത്തില്‍ ചികിത്സയ്ക്കായി അശാസ്ത്രീയ രീതികള്‍ പിന്തുടര്ന്നതിന്റെ പേരില്‍ മോഹനന് നായര്‍ക്കെതിരെ നിരവധി കേസുകളുണ്ട്.
കൊവിഡിന് ചികിത്സ നടത്തിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തൃശ്ശൂര്‍ പട്ടിക്കാട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. ചികിത്സ നടത്തുന്നവര്‍ക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തുകയും വിതരണം ചെയ്ത മരുന്നുകള്‍ക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
അശാസ്ത്രീയമായ രീതിയിലായിരുന്നു പല രോഗികളേയും മോഹനന് നായര്‍ ചികിത്സിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.