ജൂൺ 28 ന് ശേഷം പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം പിൻവലിക്കുക.
യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുന്നു.
കണ്ണൂർ: കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി 30ആം തീയതി മുതൽ ഓഫ്ലൈനായി നടത്തുവാൻ തീരുമാനിച്ചിട്ടുള്ള എല്ലാ പരീക്ഷകളും പിൻവലിക്കണമെന്ന് വിദ്യാർത്ഥി കൂട്ടായ്മയായ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കലക്ടീവ് ആവശ്യപ്പെട്ടു കൊണ്ട് ജൂൺ 21ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻപിലും വിവിധ കോളേജുകൾക്ക് മുൻപിലും പ്രതിഷേധദിനം ആചരിക്കുന്നു. യൂണിവേഴ്സിറ്റിക്കു മുൻപിൽ ശവപ്പെട്ടിയേന്തിയുള്ള പ്രതിഷേധം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വീടുകളിൽ വിദ്യാർഥികൾ നിരാഹാരമനുഷ്ഠിക്കുകയും ചെയ്യും.
യു ജി, പി ജി അവസാന സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിക്കൊണ്ട് മുൻ സെമസ്റ്റർ കളിലെ ഫലത്തിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തി ഉടൻ ഫലം പ്രഖ്യാപിക്കണമെന്നും മറ്റു വിദ്യാർഥികൾക്ക് രണ്ട് ഡോസ് വാക്സിനേഷന് ശേഷം മാത്രം പരീക്ഷകൾ ആരംഭിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. വിദേശ യൂണിവേഴ്സിറ്റികളിൽ അടക്കം തുടർ പഠനത്തിനുള്ള സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ അവസരങ്ങളാണ് യൂണിവേഴ്സിറ്റിയുടെ ഓഫ് ലൈൻ പരീക്ഷ നടത്തും എന്ന പിടിവാശിമൂലം നഷ്ടമാകുന്നത്. മൂല്യനിർണയത്തിനും ഫലപ്രഖ്യാപനത്തിനും എടുക്കുന്ന കാലതാമസം മൂലം അവസാനവർഷ വിദ്യാർത്ഥികളുടെ ഒരു വർഷം നഷ്ടമാക്കും.
സംസ്ഥാനത്തെ പല പഞ്ചായത്തുകളിലും ട്രിപ്പിൾ ലോക്ക്ഡൗണ് നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹന സൗകര്യം പോലും ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാതെയാണ് ഇത്തരത്തിൽ പരീക്ഷാ പ്രഖ്യാപനവുമായി യൂണിവേഴ്സിറ്റി മുന്നോട്ടുപോകുന്നത്. നിരവധി വിദ്യാർത്ഥികൾക്ക് യാത്രാ ക്ലേശങ്ങൾ ഉണ്ടാകും, കൂടാതെ കോവിഡ് ബാധിതരായി ചികിത്സയിൽ ഇരിക്കുന്നവരും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പരീക്ഷ എഴുതുവാൻ ഉള്ള സംവിധാനങ്ങൾ എങ്ങനെ ഒരുക്കുമെന്ന് കാര്യത്തിലും യൂണിവേഴ്സിറ്റി ഇതുവരെ വ്യക്തത നൽകിയിട്ടില്ല. കഴിഞ്ഞ സമസ്റ്ററിൽ കോവിഡ് ബാധിതരായിരുന്നവർക്ക് പ്രത്യേകം പരീക്ഷ നടത്തും എന്ന് യൂണിവേഴ്സിറ്റി പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടത്തിയിട്ടില്ല.
മൂന്നാം തരംഗത്തെ നേരിടുവാൻ രാജ്യം തയ്യാറെടുക്കുന്ന വേളയിൽ, യുവാക്കളെ കോവിഡ് വളരെ മാരകമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഇത്തരമൊരു നടപടിയുമായി യൂണിവേഴ്സിറ്റിയും സർക്കാരും മുന്നോട്ടുപോകുന്നത് വൻതോതിൽ കോവിഡ് വ്യാപനത്തിനു വഴിവെക്കുകയും നിരവധി ജീവനുകൾ അപകടത്തിൽ ആക്കുകയും ചെയ്യും. ഓൺലൈനായി നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും അധികാരികൾ കണ്ണുതുറക്കാത്ത സാഹചര്യത്തിൽ ഒരു സാമൂഹ്യ ആവശ്യകത മനസ്സിലാക്കിക്കൊണ്ടാണ് വിദ്യാർത്ഥികൾ പ്രക്ഷോഭ രംഗത്ത് നിലനിൽക്കുന്നത് എന്ന് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കലക്ടീവിന്റെ നേതാക്കൾ വ്യക്തമാക്കി.
ഫോൺ: 9497755221