ജില്ലാ കളക്ടരുടെ ആശയം ഏറ്റെടുത്ത്
കാസർകോട് ജില്ലാ പഞ്ചായത്ത് തലസ്ഥാനത്തെ മാനവീയം മോഡൽ വീഥി വിദ്യാനഗറിലും..
കാസർകോട്:ജില്ലയിലെ ആദ്യത്തെ മാതൃകാ റോഡ് കാസർകോട് ബിസിറോഡിൽ തയ്യാറാകുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസ് മുതൽ ജില്ലാ കലക്ടറുടെ വീട് വരെ ജില്ലാ പഞ്ചായത്തിന്റെ മെക്കാഡം റോഡാണ് 250 മീറ്റർ നീളത്തിൽ മെട്രൊ നഗരമാതൃകയിൽ വികസിപ്പിക്കുന്നത്.
കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന്റെ ആശയം ജില്ലാ പഞ്ചായത്താണ് യാഥാർഥ്യമാക്കുന്നത്. റോഡിൽ റോളർ സ്കേറ്റിങ് പരിശീലനത്തിനുള്ള സൗകര്യമൊരുക്കും. രാവിലെയും വൈകിട്ടും ആറുമുതൽ എട്ടുവരെ ഇതുവഴി ഗാതാഗതമുണ്ടാകില്ല. ഇതുവഴി പോകേണ്ടവർക്ക് ബിസി റോഡിൽ നിന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനരികിലുള്ള റോഡ് ഉപയോഗിക്കണം. ജില്ലാ പഞ്ചായത്ത് റോഡിന്റെ ഇരുവശവും ഇന്റർലോക്ക് ചെയ്യും. ഇരിപ്പിടങ്ങളുമുണ്ടാകും. ഡ്രൈനേജും ഒരുക്കിയിട്ടുണ്ട്. അഞ്ച് മീറ്റർ അകലത്തിൽ 100 അശോക വൃക്ഷം നടും. ഇവ വളർന്ന് പന്തലിച്ച് പൂക്കൾ വിരിയിക്കുന്നതോടെ മനോഹര കാഴ്ചയും വിശ്രമിക്കാൻ തണലുമാകും. പ്രഭാതത്തിലും വൈകിട്ടും നടക്കാനും സൗകര്യമുണ്ടാകും.
പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച നടക്കും. 20 ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.
വികസനം
6 ആകൃതിയിൽ
വിദ്യാനഗർ ജങ്ഷനിൽ നിന്നുള്ള റോഡ് മുനിസിപ്പൽ സ്റ്റേഡിയം വഴി 6 ആകൃതിയിൽ ജില്ലാ പഞ്ചായത്ത് റോഡുമായി ബന്ധിപ്പിച്ച് വികസിപ്പിക്കും. 1.8 കിലോ മീറ്റർ റോഡിനായി കാസർകോട് വികസന പാക്കേജിൽനിന്ന് 4.8 കോടി രൂപ ചെലവിടും. സൈക്കിൾ ട്രാക്ക് കൂടി ഉണ്ടാകും. സിവിൽ സ്റ്റേഷൻ വളപ്പിൽ തുറന്ന ജിമ്മും സൗന്ദര്യവൽകരണവും കൂടിയാകുമ്പോൾ തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പ്രദേശം വികസിക്കും.