സുധാകരൻ വാക്പോര് നിർത്തണം, ജാഗ്രത പാലിക്കണം ; വഴിവിട്ട ചർച്ച ജനങ്ങൾക്ക് മടുപ്പുളവാക്കും,കെ പി സി സി പ്രസിഡന്റിന് മുന്നറിയിപ്പ് നൽകി കോൺഗ്രസ്സ് നേതൃത്വം
തിരുവനന്തപുരം : മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള വാക്പോര് മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. ഇക്കാര്യത്തിൽ കെ.പി.സി.സി അധ്യക്ഷൻ കൂടുതൽ ജാഗ്രത കാട്ടണമെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രിക്ക് സുധാകരൻ മറുപടി നൽകി.ഇനി വിഷയം അവസാനിപ്പിക്കാം എന്ന നിലപാടാണ് മറ്റു നേതാക്കൾക്കുള്ളത്. കോവിഡ് കാലത്ത് ഇത്തരം വാക്പോരുകൾ നടത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായം. ഇനി മുഖ്യമന്ത്രി പ്രതികരിച്ചാൽ മാത്രം സുധാകരൻ മറുപടി നൽകിയാൽ മതിയെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
പണ്ട് നടന്നുവെന്ന് പറയപ്പെടുന്ന ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഇനിയും ചർച്ചയും വാഗ്വാദവും നടത്തുന്നത് ജനങ്ങൾക്ക് മടുപ്പുളവാക്കും എന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. മുഖ്യമന്ത്രിക്ക് സുധാകരൻ മറുപടി നൽകിയതോടെ വിവാദം അവസാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയതും ഇതിന്റെ ഭാഗമായി വേണം കരുതാൻ.