പി ജെ ആർമിയെയും അമ്പാടി മുക്കിനെയും തള്ളി..വ്യക്തിപൂജ വിവാദത്തിന് അവസാനം; പി ജയരാജന് ക്ലീൻ ചീറ്റ് നൽകി സിപിഎം കണ്ണൂർ നേതൃത്വം
കണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി തീരുമാനം. ആരോപണങ്ങൾ അന്വേഷിക്കാൻ സി.പി.എം. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ചചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്. വ്യക്തി പ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ ജയരാജന് പങ്കില്ലെന്ന നിഗമനത്തിൽ കമ്മിഷൻ എത്തിച്ചേർന്നു.എൻ. ചന്ദ്രൻ, എ.എൻ. ഷംസീർ, ടി.ഐ. മധുസൂദനൻ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങൾ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാഗത്തായി ഉയർന്ന ഫ്ലക്സ് ബോർഡുകളും പി.ജെ. ആർമി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വിമർശനവിധേയമായത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത സി.പി.എം. സംസ്ഥാന കമ്മിറ്റി വ്യക്തിപ്രഭാവമുയർത്തുന്ന പ്രചാരണം തടയുന്നതിൽ ജയരാജൻ ജാഗ്രതകാട്ടിയില്ലെന്ന് വിമർശിച്ചിരുന്നു. സ്വയം മഹത്വല്ക്കരിക്കാനുള്ള ശ്രമം നടക്കുന്നുവെങ്കില്‍ അംഗീകരിക്കില്ലെന്ന് വ്യക്തിപൂജാ വിവാദത്തിൽ സി.പി.എമ്മിനുളളിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു.തന്റെ വ്യക്തി പ്രഭാവം ഉയർത്തുന്ന പ്രചരണങ്ങൾ പാര്‍ട്ടിയുടെ രീതിയ്ക്ക് യോജിച്ചതല്ലെന്നും, എന്നാല്‍ വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഇനി ശ്രദ്ധിയ്ക്കാമെന്നും ജയരാജന് സംസ്ഥാന സമിതിയിൽ മറുപടി നല്കുകി. പി.ജെ.ആർമിയെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. തന്റെ അഭ്യുദയകാംക്ഷികളെന്ന പേരിൽ പാർട്ടി തീരുമാനങ്ങളെ എതിർക്കുന്നവർ പാർട്ടിയുടെയും തന്റെയും ശത്രുക്കളാണെന്നും തന്റെ പേര് പറഞ്ഞ് പാർട്ടിയെ വിമർശിക്കുകയും തന്നെ വേർതിരിച്ച് കാണിക്കുകയും ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിറക്കി. ഇതെല്ലാം തന്നെ ഇപ്പോഴത്തെ വിവാദങ്ങൾക്ക് വിരാമമിടാനുളള പാർട്ടി തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം.