ബസ് ചാർജ് വർദ്ധിപ്പിക്കണം ; സ്വകാര്യ ബസ്സുടമകൾ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയെയും കാണും
തിരുവനന്തപുരം :സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ്സുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബസ്സുടമകള്‍ മുന്നറിയിപ്പ് നല്കി.
കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മുതലാണ് സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സര്‍വീസ് നടത്താന്‍ അനുമതി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്താനാണ് അനുവദിച്ചത്. ഇതനുസരിച്ച് ഇന്ന് ഒറ്റയക്ക നമ്പറിലുള്ള ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. വരുന്ന തിങ്കളാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും ഇരട്ടയക്ക നമ്പറിലുള്ള ബസ്സുകള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതി.