സുധാകരന് മാനസിക അസ്വാസ്ഥ്യം;
ക്വട്ടേഷൻ സംഘവും കൊലപാതകവുമായി നടന്നയാളെ എങ്ങനെയാ കെ പി സി സി അദ്ധ്യക്ഷനാക്കിയതെന്ന് ഇ പി ജയരാജൻ
കണ്ണൂർ: സുധാകരൻ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് മുൻ മന്ത്രിയും സി പി എം നേതാവുമായ ഇ പി ജയരാജൻ. സുധാകരൻ നീച മനസിന്റെ ഉടമയാണെന്നും രാഷ്ട്രീയപ്രവർത്തകന് ഉണ്ടാകാൻ പാടില്ലാത്ത ദുർഗുണം ഉള്ളയാളാണെന്നും ഇ പി ജയരാജൻ ആരോപിച്ചു.സുധാകരൻ പറയാത്ത കാര്യമാണോ ആ മാദ്ധ്യമം പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാക്കണം. തന്നെ വെടിവച്ച കേസിലെ പ്രതിയെ സംരക്ഷിക്കുന്നത് സുധാകരനാണ്. 17 കൊല്ലം തടവിൽ കഴിഞ്ഞയാളെ സുധാകരൻ സുരക്ഷിത കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. ചെലവ് മുഴുവൻ വഹിക്കുന്നത് സുധാകരനാണ്. തന്നെ വധിക്കാൻ കൊലയാളികളെ സുധാകരൻ വാടകയ്ക്കെടുത്തു. തന്നെയല്ല പിണറായിയെ ആണ് സുധാകരൻ ഉന്നം വച്ചതെന്നും ജയരാജൻ ആരോപിച്ചു..ആർ എസ് എസുകാരെയാണ് സുധാകരൻ വാടയ്കക്കെടുത്തത്. ക്വട്ടേഷൻ സംഘവും കൊലപാതകവുമായി നടന്ന ആളെ എങ്ങനെയാ കെപിസിസി അദ്ധ്യക്ഷനാക്കിയതെന്നും ജയരാജൻ ചോദിച്ചു. പൊലീസുകാരുടെ സംരക്ഷണയിലാണ് നാൽപ്പാടി വാസുവിനെ വെടിവച്ചത്. കരുണാകരൻ മുഖ്യമന്ത്രിയായത് കൊണ്ടാണ് സുധാകരൻ അന്ന് രക്ഷപ്പെട്ടത്. ഇങ്ങനെ വൃത്തിക്കെട്ട മനസുമായി നടക്കുന്ന ആളാണ് കെ പി സി സി അദ്ധ്യക്ഷനെന്നും ജയരാജൻ തുറന്നടിച്ചു..