മാതാപിതാക്കളടക്കം നാല് പേരെ കൊന്നു കുഴിച്ചിട്ടു; പത്തൊൻപതുകാരനെതിരെ പരാതിയുമായി സഹോദരൻ,
കൊൽക്കത്ത: മാതാപിതാക്കളെയും സഹോദരിയേയും മുത്തശ്ശിയേയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. ബംഗാൾ മാൾഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരൻ ആരിഫിന്റെ പരാതിയിലാണ് അറസ്റ്റ്.കുടുംബാംഗങ്ങളായ നാല് പേരെയും ആസിഫ് കൊലപ്പെടുത്തി വീടിന് സമീപത്തെ ഗോഡൗണിൽ കുഴിച്ചിട്ടെന്നാണ് ആരിഫിന്റെ പരാതി. ഇരുവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.ആസിഫ് തന്നെയും കൊല്ലാൻ ശ്രമിച്ചുവെന്നും, രക്ഷപ്പെട്ടതിന് പിന്നാലെയാണ് പരാതി നൽകിയതെന്നുമാണ് ആരിഫ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് ആസിഫ് നാല് പേരെയും വെള്ളത്തിൽ മുക്കി കൊന്നതെന്നും, പേടി കൊണ്ടാണ് ഈ വിവരം ഇത്രയും നാൾ ഒളിച്ചുവച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്.നാലു പേരെയും ഏതാനും മാസങ്ങളായി തങ്ങൾ കണ്ടിട്ടില്ലെന്നും, ആരിഫിനോട് ചോദിച്ചപ്പോൾ കൊൽക്കത്തയിൽ പുതുതായി വാങ്ങിയ ഫ്ളാറ്റിൽ താമസിക്കാൻ പോയെന്നായിരുന്നു മറുപടിയെന്നും അയൽക്കാർ പറയുന്നു. മുൻപ് ലാപ്ടോപ്പ് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ ഇയാൾ വീടുവിട്ടുപോയിരുന്നു. തിരിച്ചെത്തിയപ്പോൾ മാതാപിതാക്കൾ ലാപ്ടോപ്പ് വാങ്ങിക്കൊടുത്തിരുന്നു.ഇയാൾ കുടുംബത്തിന്റെ ചില വസ്തുവകകൾ വിൽക്കാൻ ശ്രമിച്ചിരുന്നതായും അയൽക്കാർ ഓർക്കുന്നു.