ബാങ്കിന്റെ ടോൾഫ്രീ നമ്പർ ഉപയോഗിച്ചും തട്ടിപ്പ്; വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് പോയത് 93,000 രൂപ
കൊണ്ടോട്ടി : പ്രമുഖ ബാങ്കിന്റെ ടോൾഫ്രീ നമ്പറിലേക്കു വിളിച്ച വീട്ടമ്മക്ക് നഷ്ടം 93,000 രൂപ. ആദ്യം ഈ നമ്പർ നിലവിലില്ല എന്ന മറുപടി ലഭിച്ചെങ്കിലും പിന്നീട് മറ്റൊരു മൊബൈൽ നമ്പറിൽനിന്നു തിരികെ വിളിക്കുകയായിരുന്നു.
കസ്റ്റമർ കെയറിൽ നിന്നെന്നു പറഞ്ഞു വിളിച്ചയാൾ വിവരങ്ങൾ ചോദിക്കുന്നതിനിടയിൽ നെടിയിരുപ്പ് മൂച്ചിക്കുണ്ട് സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 93,000 രൂപ നഷ്ടമായി.
ഇയാൾ ഒരു ആപ് ഇൻസ്റ്റാൾ ചെയ്യാനും മറ്റും ആവശ്യപ്പെട്ടെന്നു വീട്ടമ്മ പറഞ്ഞു. അതനുസരിച്ചപ്പോൾ, ആദ്യം 24,999 രൂപ നഷ്ടമായി. തട്ടിപ്പാകാമെന്ന സംശയത്താൽ ഉടൻ പൊലീസിലും ബാങ്ക് ശാഖയിലുമെത്തി. അപ്പോഴേക്കും പല തവണകളായി പണം പിൻവലിച്ച് അക്കൗണ്ട് കാലിയായിരുന്നു.