സൈനിക ഓഫീസറായി ആള്‍മാറാട്ടം; ഡല്‍ഹിയില്‍ ഒരാള്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: സൈനിക ഓഫീസറായി ആള്‍മാറാട്ടം നടത്തി വന്നിരുന്ന ഡല്‍ഹി സ്വദേശി അറസ്റ്റില്‍. മോഹന്‍ ഗാര്ഡന് സ്വദേശി ദിലീപ് കുമാര്‍ (40) ആണ് ഇന്നലെ അര്‍ചന റെഡ് ലൈറ്റ് ഗ്രേറ്റര്‍ കൈലാഷ്-1ല്‍ നിന്ന് അറസ്റ്റിലായത്. സൈനിക വേഷത്തിലാണ് ഇയാള്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇയാളെ നിരീക്ഷിച്ചുവന്നിരുന്നത്.
ഇയാളില്‍ നിന്നും പിപിഒ റാങ്കിലുള്ള ഓഫീസറുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഒരു മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പല സംഘടനകളിലും ഇയാള്‍ അംഗമാണെന്നും വിവിധ രാജ്യങ്ങളിലെ നിരവധി രാജ്യാന്തര വാട്സ്ആപ് നമ്പറുകളില്‍ ഇയാള്‍ ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് പറയുന്നു. നിരവധി രാജ്യാന്തര നമ്പറുകളിലേക്ക് ഇയാള്‍ വീഡിയോ കോള്‍ ചെയ്തിട്ടുണ്ടെന്നും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്നും പോലീസ് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളില്‍ ക്യാപ്റ്റന്‍ ശേഖര്‍ എന്ന പേരിലാണ് ഇയാള്‍ ഇടപഴകിയിരുന്നത്. സൈനി ഓഫീസര്‍ എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലെ സ്ത്രീകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. വിദേശത്തുള്ള നിരവധി ആളുകളുമായി ചാറ്റ് നടത്തിയിരുന്നു. അവര്‍ പല ചിത്രങ്ങളും ഇയാള്‍ക്ക് അയച്ചുനല്‍കിയിരുന്നു.
ദിലീപ് കുമാറിനെതിരെ ഐ.പി.സി സെക്ഷന്‍ 170/49/420/468/471 എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. ഇയാളുടെ രാജ്യാന്തര ബന്ധങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.