സുധാകരന് ഓര്മ്മ പുതുക്കിയതിന് പിണറായി ഇത്രയും പ്രകോപിതനായത് എന്തിനാണ്: രാജ് മോഹൻ ഉണ്ണിത്താന് എം.പി.
കൊച്ചി: കെ. സുധാകരൻ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ഒരു ഓർമ്മ പുതുക്കിയതിന്റെ പേരിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും പ്രകോപിതനായതെന്ന് മനസിലാകുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.. ബ്രണ്ണൻ കോളേജ് വിവാദത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ. നേതാവായ പിണറായി വിജയനുമായി സംഘർഷം ഉണ്ടായിട്ടുണ്ടെന്നും ആ സംഘർഷത്തിന്റെ ഫലമായി അദ്ദേഹത്തെ ചവിട്ടി താഴെയിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ കെ. സുധാകരൻ പറയുകയുണ്ടായി. ക്യാമ്പസ് രാഷ്ട്രീയത്തിൽ ഇത്തരം ഒരു അനുഭവം ഇല്ലാത്ത ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനും ഒരു കോളേജ് യൂണിയൻ ചെയർമാനായിരുന്നു. അന്ന് എം.എ. ബേബിയെ പരാജയപ്പെടുത്തികൊണ്ടാണ് ഞാൻ ചെയർമാനായത്. മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന കേരളത്തിലെ ഐ.ജിയായിരുന്ന ഒരാളായിരുന്നു അന്ന് കൊല്ലം ജില്ലാ എസ്.എഫ്.ഐ. പ്രസിഡന്റ്. അന്ന് കെ.എസ്.യു. നേതാവായിരുന്ന എന്നെ കോളേജിൽ വെച്ച് അതികഠിനമായി മർദ്ദിച്ച പാരമ്പര്യം അദ്ദേഹത്തിനുണ്ട്. ബേബി അടക്കമുള്ള ആളുകളിൽ നിന്ന് ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നിട്ട് ക്യാമ്പസ് വിട്ടതിന് ശേഷം ഞങ്ങളൊക്കെ എത്ര സൗഹൃദപരമായാണ് ജീവിക്കുന്നതെന്ന് ഓർക്കണം.
ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ നമ്മൾ തുറന്ന് പറയാറുണ്ട്. ഇത്തരത്തിൽ കെ.സുധാകരൻ പറഞ്ഞ ക്യാമ്പസ് രാഷ്ട്രീയത്തിലെ ഒരു അനുഭവം. ഇത്ര ഗൗരവത്തോടെ കേരളത്തിലെ ഒരു മുഖ്യമന്ത്രി എടുക്കേണ്ട കാര്യമുണ്ടോ. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി കെ. സുധാകരൻ തല്ലിയെന്നോ ചവിട്ടിയെന്നോ ഒക്കെ പറഞ്ഞാൽ പിണറായി ഇത്ര പ്രകോപിതനാകണ്ട കാര്യമുണ്ടോ? ജീവിതത്തിൽ ആരോടും തോൽക്കാൻ തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.
ജീവിതത്തിൽ അങ്ങോട്ട് കൊടുത്തിട്ടുള്ളതല്ലാതെ ഇങ്ങോട്ട് ഒന്നും കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. കൈയ്യുടെ മുഷ്ടി ചുരുട്ടി പറഞ്ഞകാര്യങ്ങൾ പത്രക്കാർ ആലോചിച്ചെടുക്കണമെന്ന് പറയുമ്പോൾ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം എന്ത് തെറിയാണ് പറഞ്ഞതെന്ന്. അദ്ദേഹം കയ്യിലെ മുഷ്ടികൾ ചുരുട്ടിയത് എന്തിനാണെന്നും എല്ലാവർക്കും അറിയാം. പിണറായി വിജയനെ അറിയുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയം അറിയാം. അതുകൊണ്ട് ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഓർമ്മ പുതുക്കിയതിന്റെ പേരിൽ പിണറായി സുധാകരനെ അപമാനിക്കാൻ എഴുതി തയ്യാറാക്കിയ ഒരു പ്രസംഗം അവതരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇത്രയും പ്രകോപിതനായത് എന്തിനാണെന്ന് മനസിലാകുന്നില്ല. രാജ് മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി