കുത്തുകേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ അക്രമം, എസ് ഐയ്ക്ക് വെട്ടേറ്റു, വെട്ടിയത് പ്രതിയുടെ പിതാവ്
കോട്ടയം: കുത്തുകേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം. എസ് ഐയ്ക്ക് വെട്ടേറ്റു. എസ് ഐ വിദ്യാധരന്റെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. ഇദ്ദേഹത്തെ ഉടൻ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി എസ് ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.വെള്ളാവൂരിൽ പഴയ ഒരു കുത്തുകേസിലെ പ്രതിയായ തകടിപ്പുറത്ത് അജിനെ പിടികൂടാനായിട്ടാണ് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. അജിനെ പിടികൂടി മുന്നോട്ട് നീങ്ങുമ്പോൾ പ്രതിയുടെ പിതാവായ പ്രസാദ് എസ് ഐയുടെ കഴുത്ത് ലക്ഷ്യമാക്കി ആയുധം വീശുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേറ്റു.അജിനെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്തുകേസിന് പിന്നാലെ അജിൻ ഒളിവിലായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ആറരയോടെ പൊലീസ് സ്ഥലത്തെത്തിയത്.