പൊലീസിന്റെ വാഹന പരിശോധനക്കിടെ രക്ഷപ്പെട്ട പതിനേഴുകാരന് തൂങ്ങിമരിച്ചു
പാലക്കാട്: പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരന് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കോട് സ്വദേശി ആകാശാണ് ആത്മഹത്യ ചെയ്തത്.
ആകാശ് ഉള്‍പ്പടെ ബൈക്കില്‍ സഞ്ചരിച്ച മൂന്നംഗസംഘത്തെ പോലീസ് പട്രോളങ്ങിനിടെ തടഞ്ഞിരുന്നു. ബൈക്കില്‍ നിന്ന് ഇറങ്ങി ഓടിയ ആകാശ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പട്രോളിങിനിടെ ഇവരെ പോലീസ് തടഞ്ഞു നിര്‍ത്തി. ഇതിനിടെ ആകാശ് ബൈക്കില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇത് മോഷ്ടിച്ച ബൈക്കാണെന്ന് അറിയുന്നത്.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മറ്റു രണ്ടു പേരെ വീട്ടില്‍ എത്തിച്ചെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ആകാശിനെ തിരഞ്ഞപ്പോഴാണ് വീട്ടിലെത്തി ആത്മഹത്യ ചെയ്ത വിവരം അറിയുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഒരു ആകാശിന്റെ മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നു. അച്ഛന്റെ സഹോദരന്റെ വീട്ടിലാണ് നിന്നിരുന്നത്. ആകാശിനെതിരെ മുന്‍പ് ഇത്തരത്തിലുള്ള ആരോപണം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് അന്വേഷണം നടത്തി വരികയാണ്.