കോവിഡ് കുരുക്കിൽ
വയനാട്ടുകുലവൻ തെയ്യംകെട്ടുകൾ;
മുന്നൊരുക്കത്തിന് പാഴായത് ലക്ഷങ്ങൾ
പാലക്കുന്ന് : കോവിഡ് നിയന്ത്രണ കുരുക്കിൽ ജില്ലയിലെ വിവിധ തീയ്യ സമുദായ വയനാട്ടുകുലവൻ തറവാടുകളിൽ നടക്കാനിരുന്ന തെയ്യംകെട്ടുത്സവങ്ങൾ ഇനി എന്ന് നടത്താനാവുമെന്ന് വ്യക്തതയില്ലാതെ നീണ്ടുപോകുന്നു. വിവിധ പ്രദേശങ്ങളിലെ തറവാടുകളിൽ 2020ൽ നടക്കാനിരുന്ന 13 തെയ്യം കെട്ടുത്സവങ്ങൾക്ക് തീയതികൾ നേരത്തേ നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് 19 വ്യാപകമായ പശ്ചാത്തലത്തിൽ അതിൽ 10 ഇടങ്ങളിലും മാറ്റിവെക്കേണ്ടി വന്നു. 2021ൽ നടക്കാനിരുന്ന തെയ്യം കെട്ടുകൾക്ക് ആഘോഷകമ്മിറ്റികൾ രൂപീകരിക്കാനും സാധിച്ചില്ല. അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞാലും 2020ൽ നടക്കാതെപോയവയ്ക്ക് മുൻഗണന നൽകേണ്ടി വരുമ്പോൾ ഇനിയുള്ളവ ഏറെ നീണ്ടുപോകും. തെയ്യംകെട്ടിന്
മുന്നോടിയായുള്ള ‘കൂവം അളക്കൽ’
ചടങ്ങ് നടന്ന തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് തെയ്യംകെട്ടുത്സവത്തിന്റെ മുന്നൊരുക്കത്തിനായി ചെലവിട്ട 10 ലക്ഷത്തോളം വെറുതെയായെന്ന് ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി. കുഞ്ഞിക്കണ്ണൻ പറയുന്നു. തീയതി നിശ്ചയിച്ച പാലക്കുന്ന് കഴകത്തിലെ തൃക്കണ്ണാട് കുളത്തുങ്കാൽ തറവാട്ടിൽ മുന്നൊരുക്കത്തിനായി 7 ലക്ഷത്തോളം പാഴായിപ്പോയെന്ന് അവിടത്തെ ആഘോഷ കമ്മിറ്റി ചെയർമാനാനായ സി.എച്ച്. നാരായണൻ പറയുന്നു. പാക്കം പള്ളിപ്പുഴ പുലിക്കോടൻ തറവാട്ടിലും തീയതി നിശ്ചയിച്ച ജില്ലയിലെ മറ്റിടങ്ങളിലും ലക്ഷങ്ങളാണ് പാഴായിപ്പോയത്. പാലക്കുന്ന് കഴകത്തിൽ 2020 വരെ രണ്ട് വീതം തറവാടുകൾക്ക് തെയ്യംകെട്ടിന് അനുവാദം നൽകിയിരുന്നുവെങ്കിലും
2021 മുതൽ അത് ഒന്നായി ചുരുക്കിയിട്ടുണ്ടെന്നും 2027 വരെ വിവിധ തറവാടുകൾക്ക് അനുവാദം നൽകിയെന്നും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ പറഞ്ഞു. ഇതിന് പുറമെ 15 തറവാടുകൾ വേറെയും അപേക്ഷ നൽകിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ‘ഒരു നിശ്ചയമില്ലയൊന്നിനും’ എന്നാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.