ന്യൂദല്‍ഹി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. രണ്ടാഴ്ചയിലധികമായി നടന്നുവരുന്ന സമരത്തിന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന് തുടങ്ങിക്കഴിഞ്ഞു.
സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യു എന്ന ഹാഷടാഗോടെയാണ് സോഷ്യല്‍മീഡിയ ക്യാംപെയ്ന്. അതിനിടെ പരിക്കേറ്റ കാലിലിട്ട പ്ലാസ്റ്ററിന് മുകളില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യമെഴുതി സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രവും വൈറലാകുകയാണ്.മഹാരാഷ്ട്രയിലെ കർഷക സമരകാലത്ത് പ്രചരിച്ച കർഷക പോരാളിയുടെ വിണ്ടുകീറിയ കാലിനെ അനുസ്മരിപ്പിക്കുന്നതാണ് പ്ലാസ്റ്ററിട്ട കാലിലെ ഇൻക്വിലാബ്,അതേസമയം വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ ക്യാമ്പസില്‍ പ്രതിഷേധം നടത്തും. ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരെയുള്ള പ്രതിഷേധത്തെ മൂന്നിടത്തുവെച്ചാണ് ഇന്നലെ പൊലീസ് നേരിട്ടത്.
പകല്‍ രണ്ടുതവണ വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് രാത്രി ഇരുട്ടിന്റെ മറയുണ്ടാക്കിയും സമരക്കാരെ തല്ലിയോടിച്ചു.അന്ധവിദ്യാര്ത്ഥികള് അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമായതോടെ ജെ.എന്‍.യു യൂണിയന് നേതാക്കളെ കേന്ദ്ര മാനവ വിഭവശേഷി സെക്രട്ടറി ചര്‍ച്ചക്ക് വിളിച്ചിരുന്നു.ഇതിന് തൊട്ടുപിറകെയാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയത്. എന്നാല്‍, ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിദ്യാര്‍ഥി യൂണിയന്.