തിരുവനന്തപുരം : എ.കെ.ജി സെൻററിലെ എൽ.കെ.ജി കുട്ടിയാണ് മേയർ എന്ന ബി.ജെ.പി കൗൺസിലർ കരമന അജിത്തിന്റെ പരാമർശത്തിൽ പൊട്ടിത്തെറിച്ച് മേയർ ആര്യ രാജേന്ദ്രൻ.
ആറ്റുകാൽ പൊങ്കാല വിഷയത്തിന്മേലുള്ള ചർച്ചയിൽ ബി.ജെ.പി കൗൺസിലർ സിമി ജ്യോതിഷിനെതിരെ എൽ.ഡി.എഫ് കൗൺസിലർ സുലോചനന് നടത്തിയ മോശം പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അജിത്ത് അടക്കമുള്ളവർ ബഹളം െവച്ചപ്പോഴാണ് മേയർ രംഗത്തെത്തിയത്.
പ്രായത്തെയും പക്വതയെയും പറ്റി പ്രതിപക്ഷം പലതവണ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും നാളിതുവരെ മറുപടി നൽകിയിട്ടില്ല. പക്ഷേ അക്ഷേപങ്ങൾ അതിരുവിട്ടതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്.
നമ്മളെന്തോ ഓട് പൊളിച്ച് വന്നവരാണെന്ന തെറ്റിദ്ധാരണ സമൂഹത്തിലെ ചിലർക്കുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടയിൽ നിരവധി തവണ വ്യക്തിപരമായി ആക്ഷേപിച്ചു. സമൂഹമാധ്യമങ്ങളിൽ മോശമായ പരാമർശങ്ങൾ കാണുമ്പോൾ തങ്ങളുടെ വീട്ടിലെ അമ്മപെങ്ങമ്മാരെപോലെയാണ് ഈ മേയറെന്നും നിങ്ങൾക്ക് ഓർമവരുന്നുണ്ടോ.
ഒരു സ്ത്രീയെ ആര് അപമാനിച്ചാലും അത് മോശം തന്നെയാണ്. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് പ്രവർത്തിക്കാനും തനിക്ക് അറിയാം. അത്തരമൊരു സംവിധാനത്തിലൂടെയാണ് താൻ വളർന്നുവന്നതെന്ന് അഭിമാനത്തോടെ പറയുമെന്നും മേയർ അറിയിച്ചു