മേലാങ്കോട്ട് എ. സി .കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളടക്കം 12 വിദ്യാലയങ്ങളിൽ ഓൺലൈനിലൂടെ വായനാനുഭവങ്ങൾ പങ്കുവെക്കാനൊരുങ്ങി സതി കൊടക്കാട്
കാഞ്ഞങ്ങാട്: കാലുറപ്പിച്ചു നിൽക്കാൻ കഴിയാത്ത സതി കൊടക്കാട് ,വായനദിനത്തിൽ പറക്കുകയാണ്, ഓൺലൈനിലൂടെ ഒന്നല്ല പന്ത്രണ്ട് വിദ്യാലയങ്ങളിലേക്ക്. അക്ഷരങ്ങളുടെ ചിറകിലേറി.
കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ വായന പക്ഷാചരണം ഗൂഗിൾ മീറ്റിലൂടെ സതി നാളെ ഉദ്ഘാടനം ചെയ്യും. ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കയ്യൂർ, ഗവ. ഹൈസ്കൂൾ കാലിച്ചാനടുക്കം, കേളപ്പജി മെമ്മോറിയൽ ഹൈസ്കൂൾ, കൊടക്കാട്, സെൻ്റ് പോൾസ് എ.യു.പി.സ്കൂൾ തൃക്കരിപ്പൂർ, എ.എൽ.പി.സ്കൂൾ തെക്കെക്കാട്, ഗവ.എൽ.പി.സ്കൂൾ പുലിയന്നൂർ, ഗവ. വെൽഫേർ യു.പി.സ്കൂൾ കൊടക്കാട്, എ.എൽ.പി.സ്കൂൾ പൊള്ളപ്പൊയിൽ, ഗവ.യു.പി.സ്കൂൾ, പാടിക്കീൽ, ഗവ.യു.പി.സ്കൂൾ, മുഴക്കോത്ത്, കിടഞ്ഞി യു.പി.സ്കൂൾ, തലശ്ശേരി എന്നീ വിദ്യാലയങ്ങളിലും വായന വാരാചരണത്തിൽ വാട്സ്അപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും വായന വളർത്തിയ അനുഭവങ്ങൾ സതി കുട്ടികളുമായി പങ്കുവെക്കും.
വീഴ്ത്താൻ വന്ന വിധിയോട് പുസ്തകങ്ങളെ ആയുധമാക്കി പോരാട്ടം നയിച്ചതിലൂടെയാണ് സതി കുട്ടികളുടെയും എം.ടി.അടക്കമുള്ള നൂറുകണക്കിന് എഴുത്തുകാരുടെയും പ്രിയപ്പെട്ടവളായത്.സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ് 2 രോഗം ബാധിച്ച, കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശിനി എം.വി.സതി (സതി കൊടക്കാട്) (43) പേന മുറുകെ പിടിക്കാൻ പോലുമാവാത്ത അവസ്ഥയിലിരുന്ന് എഴുതിക്കൂട്ടിയത് രണ്ടു പുസ്തകങ്ങളാണ്. ‘ഗുളിക വരച്ച ചിത്രങ്ങൾ’ എന്ന കഥാസമാഹാരവും ‘കാൽവരയിലെ മാലാഖ’ എന്ന കവിതാസമാഹാരവും. പ്രസിദ്ധീകരിക്കാനിരിക്കുന്ന കവിതകൾ വേറെയും.സഹഭാവം സതി ഭാവം എന്ന പേരിൽ സതിയെക്കുറിച്ച് ഒരു ഡോക്യുമെൻ്ററിയും നിർമ്മിച്ചിട്ടുണ്ട്.
ജന്മനാ രോഗം തളർത്തിയ സതിക്ക് നടക്കാനോ കൈകൾ ശരിയായി ഉപയോഗിക്കാനോ ആവില്ല. നാലാം ക്ലാസിനു ശേഷം സ്കൂൾ പഠനം അവസാനിച്ചു. അതോടെയാണ്, സാമൂഹിക പ്രവർത്തകനും അധ്യാപകനുമായിരുന്ന അച്ഛൻ സിവിക് കൊടക്കാട് മകളെ പുസ്തകങ്ങളോട് അടുപ്പിക്കുന്നത്. അദ്ദേഹം സ്ഥാപക സെക്രട്ടറിയായ ബാലകൈരളി വായനശാലയിൽനിന്ന് സതിക്ക് പതിവായി പുസ്തകങ്ങൾ എടുത്തു നൽകി. പിന്നീട് വായനയുടെ പൂക്കാലമായിരുന്നു. മുറിയുടെ നാലു ചുവരിനുള്ളിൽ ഒതുങ്ങേണ്ടി വന്ന സതിയുടെ ഭാവനാലോകം അങ്ങനെ ഏഴു കടൽ കടന്നു. അച്ഛനെ പോലും അദ്ഭുതപ്പെടുത്തി സതി വായനശാലയിലെ അയ്യായിരത്തോളം പുസ്തകങ്ങൾ വായിച്ചുതീർത്ത് അവക്കെല്ലാം ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എഴുത്തിനോടുള്ള സതിയുടെ ആവേശം കണ്ടറിഞ്ഞ അച്ഛൻ കഥകളെഴുതാൻ അവളെ പ്രോത്സാഹിപ്പിച്ചു. ഇതോടെയാണ് കഥയെഴുത്തിലേക്കു ചുവടുമാറിയത്.
തന്റെ ജീവിതം ലോകമറിഞ്ഞു തുടങ്ങിയതോടെ സതി ഒരു പാഠമായി. 2008 – 2013 കാലത്ത് മൂന്നാം ക്ലാസിലെ മലയാളം – കന്നട പാഠാവലിയിൽ സതിയെ കുറിച്ചുള്ള പാഠം ‘വായിച്ച് വായിച്ച് വേദന മറന്ന്’ എന്ന പേരിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിലൂടെ സതിയുടെ ജീവിതം വായിച്ചറിഞ്ഞ് പതിനായിരക്കണക്കിനു സ്കൂൾ കുട്ടികളാണ് അവരുടെ പ്രിയപ്പെട്ട സതിയേച്ചിക്ക് കത്തുകൾ അയച്ചത്. സതി അതെല്ലാം നിധി പോലെ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.കരിവെള്ളൂർ ആദി മുച്ചിലോട്ടുകാവിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘തിരുമംഗല്യം എന്ന സിഡിയിൽ സതി എഴുതിയ ഗാനം ഉൾപ്പെടുത്തിയിരുന്നു. ഇത് പെരുങ്കളിയാട്ട വേദിയിൽ ഗായിക കെ.എസ്. ചിത്ര ആലപിച്ചത് നിറകണ്ണുകളോടെ സതി കണ്ടിരുന്നു. വയലോരം, കുഞ്ഞോളം എന്നീ വിഡിയോ ആൽബങ്ങൾക്കായും പാട്ടുകൾ രചിച്ചു
അവശതകൾ കൂടിയതോടെ നിത്യകർമങ്ങൾ പോലും പരസഹായത്താലായി. പേന പിടിക്കാൻ വിരലുകൾ വഴങ്ങാതായപ്പോൾ സ്മാർട്ട് ഫോണിലായി എഴുത്ത്. ഇതിനിടെ, എന്നും പിന്തുണയുമായി നിന്ന അച്ഛൻ എന്നേക്കുമായി യാത്രയായി. പക്ഷേ, സ്നേഹക്കരുതലുമായി അമ്മ പാട്ടിയും സഹോദരന്മാരായ മുരളീധരനും സുരേന്ദ്രനും ഏട്ടത്തി രജിതയും സതിയുടെ കൂടെനിന്നു. സതിയുടെ ആത്മസുഹൃത്തുക്കൾ ചേർന്ന് അവൾക്കൊരു ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചതോടെ കാലങ്ങൾക്കു ശേഷം അവൾ വീണ്ടും പുറംലോകം കണ്ടു. ഇനി ഒരുപാട് യാത്രകൾ ചെയ്യണമെന്നും വായിച്ചറിഞ്ഞ ലോകം നേരിൽക്കാണണമെന്നുമാണ് സതിയുടെ മോഹം.
ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കു വേണ്ടി പയ്യന്നൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ വിത്തൗട്ട് വിങ്സ് എന്ന സംഘടനയിലെ സജീവപ്രവർത്തകയാണ് പതിനഞ്ചു വർഷമായി സതി. സമാന ജീവിതാവസ്ഥകളിൽ കൂടി കടന്നുപോകുന്ന മറ്റനേകം ജീവിതങ്ങളുണ്ടെന്ന ബോധ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാൻ സതിക്ക് പ്രേരണയാകുന്നു. തന്നെ രോഗക്കിടക്കയിലാക്കിയ വിധിയോട് ഇന്നവൾക്ക് പരിഭവമേയില്ല. ജീവിതത്തിൽ തെളിയുന്ന പ്രത്യാശയുടെ മിന്നാമിന്നി വെളിച്ചങ്ങൾ പോലും അവളെ ആഹ്ലാദിപ്പിക്കുന്നു.
‘ഇല്ല… തെല്ലുമില്ല സങ്കടം. അക്ഷരങ്ങളും സൗഹൃദങ്ങളും കൂടെയുള്ളപ്പോൾ എന്തിനെ ചൊല്ലിയാണ് വേദനിക്കേണ്ടത്… ’ – സതി ആത്മവിശ്വാസത്തോടെ കൂട്ടുകാരോട് പറയുന്നു.
”ശരീരത്തിന്റെ വൈകല്യമല്ല, മനസ്സിന്റെ വൈകല്യമാണ് അസഹനീയം. സ്റ്റീഫന്‍ ഹോക്കിങ്ങിന് വര്‍ഷങ്ങളായി ആകപ്പാടെ പ്രവര്‍ത്തനക്ഷമമായി ഉള്ള അവയവങ്ങള്‍ തലച്ചോറും രണ്ട് വിരലുംമാത്രമാണ്. കരയാന്‍ ആര്‍ക്കാണ് കഴിയാത്തത്. ചിരിക്കാന്‍ അത്ര എളുപ്പമല്ല. ചിരിക്കാന്‍ കഴിഞ്ഞാല്‍ രക്ഷയായി” – സി രാധാകൃഷ്ണന് സതിക്കയച്ച കത്തിൽ തന്നെയുണ്ട് സതിയുടെ ജീവിതം.