ഏഴ് മാങ്ങകള്‍ക്ക് കാവലിരിക്കുന്നത് ആറ് നായ്ക്കള്‍, രണ്ട് സെക്യൂരിറ്റിക്കാര്‍,എന്താണ് ഈ മാങ്ങയ്ക്ക്
ഇത്ര പ്രത്യേകത?
മധ്യപ്രദേശ്:കമ്പും വടിയും നായ്ക്കളുമാക്കെയായി വീടിന് കാവലിരിക്കുക എന്നത് അസാധാരണമല്ല. എന്നാല്‍ ഈ പറയുന്ന സൗകര്യങ്ങളുമായി ഒരു മാവിന് കാവലിരിക്കുക എന്ന് പറഞ്ഞാലോ, ഞെട്ടേണ്ട, സംഗതി സത്യമാണ്. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് സംഭവം. ‘ജപ്പാനീസ് മിയാസാഖി’ എന്നാണ് ഈ മാമ്പഴത്തിന്റെ പേര്. രണ്ട് മാവിനാണ് ആറ് കാവല്‍ നായ്ക്കളും രണ്ട് ആളുകളും ചേര്‍ന്ന് കാവലിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് റാണിയും സങ്കല്പ് പരിഹാറും ചേര്‍ന്നാണ് ജപ്പാനീസ് മിയാസാഖി എന്ന വിഭാഗത്തില്‍ പെട്ട മാവിന് തൈകള്‍ വെച്ചുപിടിപ്പിച്ചത്. എന്താണ് ഈ മാവിന് പ്രത്യേകത എന്നല്ലെ. ഇന്ത്യയിലെ അപൂര്‍വവും ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മാമ്പഴവുമാണ് ഇവ. അന്താരാഷ്ട്ര വിപണിയില്‍ 2.70 ലക്ഷം ആണ് കിലോക്ക് ലഭിക്കുകയെന്നാണ് കര്ഷകന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ തോട്ടത്തില്‍ നിന്ന് ഇവ മോഷണം പോയിരുന്നതായി റാണിയും സങ്കല്‍പ്പും പറയുന്നു. വിലപിടിപ്പുള്ള മാവാണ് ഇവിടെ വളരുന്നതെന്ന് നാട്ടുകാര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതാണ് മോഷണത്തിലേക്ക് എത്തിയതെന്നാണ് റാണി പറയുന്നത്. അതിനാലാണ് മികച്ച സുരക്ഷ തന്നെ തന്റെ കൃഷിയിടത്തിന് ഈ ദമ്പതികള്‍ ഒരുക്കിയത്. ഈ വില കൂടി മാവിന് തൈകള്‍ ഈ ദമ്പതികള്‍ക്ക് കിട്ടിയതിന് പിന്നിലും ഒരു കഥയുണ്ട്. തോട്ടത്തിലേക്ക് ചെടികള്‍ വാങ്ങാനായി ചെന്നൈയിലേക്ക് പോകവെ ട്രെയിനില്‍ വെച്ചാണ് ഒരാള്‍ ഈ വില കൂടിയ മാവിന് തൈകള്‍ തന്നതെന്നണ് ഇവര്‍ പറയുന്നത്.
മക്കളെപ്പോലെ നോക്കണം എന്ന് പറഞ്ഞായിരുന്നുവത്രെ ഈ മാവിന് തൈകള്‍ ഇദ്ദേഹത്തിന് കൈമാറിയത്. വളര്‍ന്ന് വലുതായപ്പോഴാണ് ഇതിന്റെ വിപണിയെക്കുറിച്ചൊക്കെ ഇവര്‍ക്ക് ബോധ്യമായത്. മധ്യപ്രദേശ് ഹോര്‍ട്ടികോര്‍പ്പ് വകുപ്പും തോട്ടത്തിലെത്തി മാമ്പഴത്തിന്റെ പ്രത്യേകതകള്‍ അംഗീകരിച്ചതായി ഇവര്‍ പറയുന്നു. ഏതായാലും വാര്‍ത്തകള്‍ പ്രചരിച്ചതോടെ കാവലിന് ഇനിയും ശക്തികൂട്ടേണ്ടി വരുമോ എന്നാണ് ഇവര്‍ ആലോചിക്കുന്നത്.