സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങള്‍ മോഷ്ടിച്ചു; കരാറുകാരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രംവാര്ത്തയുമായി കേരള കൗമുദി
തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ ഉത്തരവ് ദുരുപയോഗം ചെയ്ത് വ്യാപകമായി മരംകൊള്ള നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ക്രൈംബ്രാഞ്ച്. കരാറുകാരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. വലിയതോതില്‍ സാമ്പത്തിക വെട്ടിപ്പും ഇതില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൂഢാലോചനയും മോഷണവുമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങള്‍ മോഷ്ടിച്ചു. പട്ടയ-വന- പുറമ്പോക്ക് ഭൂമിയില്‍ മരം മുറി നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ മാസം 15 വരെയുള്ള മരംകൊള്ള അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മരംമുറി കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. വയനാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ അന്വേഷണം. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, അഴിമതി നിരോധന വകുപ്പുകള്‍ പ്രകാരം കൂടി കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.