ചിറ്റാരിക്കാൽ മലയോരത്തിനു പ്രതീക്ഷ; ഈസ്റ്റ് എളേരികുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറല്‍ ആശുപത്രി ഉയരും..കെട്ടിട നിർമാണച്ചിലവ്9.5 കോടി
ചിറ്റാരിക്കാല്‍ : മലയോരത്തിനു പ്രതീക്ഷയേകി ഈസ്റ്റ് എളേരി കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചു ജനറല്‍ ആശുപത്രി സ്ഥാപിക്കാന്‍ നടപടികളാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍, എംഎല്‍എ, കാസര്‍കോട് വികസന പാക്കേജ്, ഗ്രാമപഞ്ചായത്ത് എന്നിവയില്‍ നിന്നായി ലഭിക്കുന്ന തുക ഉപയോഗപ്പെടുത്തിയാണു ചിറ്റാരിക്കാലില്‍ ആശുപത്രി കോംപ്ലക്സ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 9.5 കോടി രൂപയുടെ കെട്ടിടത്തിന്റെ രൂപരേഖയും തയാറാക്കിയിട്ടുണ്ട്.
ആശുപത്രി കെട്ടിട നിര്‍മാണത്തിനായി 2.65 കോടി രൂപ കാസര്‍കോട് വികസന പാക്കേജില്‍ നിന്നു നേരത്തേ തന്നെ വകയിരുത്തിയിട്ടുണ്ട്. ഇതുപയോഗിച്ചു കുടുംബാരോഗ്യകേന്ദ്രം വളപ്പിലെ ഒരേക്കര്‍ ഭൂമിയില്‍ പുതിയ കെട്ടിടത്തിന്റെ ആദ്യനിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. 2 വര്‍ഷം കൊണ്ടു പ്രവൃത്തി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍ പറഞ്ഞു.
മലയോരത്തെ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, ചെറുപുഴ പഞ്ചായത്തുകളിലെ പാവപ്പെട്ട രോഗികള്‍ക്കു പുതിയ ആശുപത്രി ഏറെ ഉപകാരപ്രദമാകും. നിലവില്‍ ഈ പഞ്ചായത്തുകളിലെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കിലോമീറ്ററുകള്‍ അപ്പുറമുള്ള പയ്യന്നൂരിലേയോ കാഞ്ഞങ്ങാട്ടേയോ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇവിടെ മികച്ച സ്വാകാര്യ ആശുപത്രികളുമില്ല. പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലേക്കെത്താനും ചിറ്റാരിക്കാലില്‍ നിന്ന് 50 കിലോമീറ്ററോളം സഞ്ചരിക്കണം. താലൂക്കില്‍ എവിടെയും സിഎച്ച്സികളും നിലവിലില്ല.
120 ലേറെ പട്ടികവര്‍ഗ കോളനികളും ഈ മേഖലയിലുണ്ട്. പുതിയ ആശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്ററും കിടത്തി ചികിത്സയും ലക്ഷ്യമിടുന്നുണ്ട്. ആശുപത്രി യാഥാര്‍ഥ്യമാകുന്നതോടെ ഇവിടത്തെ പട്ടികവര്‍ഗ കുടുംബങ്ങളിലേത് ഉള്‍പ്പടെയുള്ള പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ ആശ്വാസമാകും. സംസ്ഥാനതലത്തില്‍ ആര്‍ദ്രം പുരസ്കാരം നേടിയ പഞ്ചായത്താണ് ഈസ്റ്റ് എളേരി. നിലവില്‍ ലാബ് സൗകര്യങ്ങളും ഇവിടെ സൗജന്യമാണ്.
മലയോരത്ത് സര്‍ക്കാര്‍ മേഖലയില്‍ മികച്ച സൗകര്യങ്ങളുള്ള ആശുപത്രി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ചു വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ഇത് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമര്‍പ്പിക്കും. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, ചെറുപുഴ പഞ്ചായത്തുകളിലെ പാവപ്പെട്ട രോഗികള്‍ക്ക് എളുപ്പത്തില്‍ ആശ്രയിക്കാന്‍ കഴിയും വിധത്തിലുള്ള ആശുപത്രിയാണ് ഇവിടെ ലക്ഷ്യമിടുന്നത്.
എം.രാജഗോപാലന്‍ എംഎല്‍എ