കാസര്‍കോട് ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു
ടിപിആര്‍ 30ന് മുകളില്‍ മധൂരും ബദിയടുക്കയും
കാസര്‍കോട്:വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച പുതിയ മാർഗ നിർദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ തരംതിരിച്ചു. ജൂൺ 16 വരെ 30ന് മുകളിൽ ടിപിആർ ഉള്ളതിനാൽ മധൂർ, ബദിയടുക്ക പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി.
ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലുള്ള കാറ്റഗറി സിയിൽ ചെങ്കള, കുമ്പഡാജെ, പുത്തിഗെ, കാറഡുക്ക, കുമ്പള, അജാനൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.
ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നും എട്ടിനും ഇടയിലുള്ള കാറ്റഗറി ബിയിൽ ഉദുമ, കയ്യൂർ-ചീമേനി, നീലേശ്വരം, മടിക്കൈ, മൊഗ്രാൽ പുത്തൂർ, കള്ളാർ, ചെമ്മനാട്, പള്ളിക്കര, കാഞ്ഞങ്ങാട്, ഈസ്റ്റ് എളേരി, പനത്തടി, കുറ്റിക്കോൽ, ദേലംപാടി, മുളിയാർ, വെസ്റ്റ് എളേരി, ചെറുവത്തൂർ, കോടോം-ബേളൂർ, പിലിക്കോട്, എൻമകജെ, പുല്ലൂർ-പെരിയ, ബളാൽ, തൃക്കരിപ്പൂർ, മംഗൽപാടി എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിൽ കുറഞ്ഞ കാറ്റഗറി എയിൽ വോർക്കാടി, ബെള്ളൂർ, മീഞ്ച, പൈവളിഗെ, കിനാനൂർ-കരിന്തളം, പടന്ന, മഞ്ചേശ്വരം, കാസർകോട്, ബേഡഡുക്ക, വലിയ പറമ്പ എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
ഓരോ കാറ്റഗറിയിലും അനുവദനീയമായവ:
ലോക്ഡൗൺ മാർഗനിർദേശങ്ങൾ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ഡൗണാണ് നടപ്പാക്കുക.
കാറ്റഗറി സിയിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകൾ (വിവാഹാവശ്യത്തിന് ടെക്സ്റ്റൈൽസ്, ജ്വല്ലറി, ഫൂട്ട്വിയർ, വിദ്യാർഥികൾക്ക് ബുക്ക്സ് ഷോപ്പ്, റിപ്പയർ സർവീസുകൾ) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ/ ഹോം ഡെലിവറി എന്നിവ മാത്രം.
കാറ്റഗറി ബിയിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപേറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർക്ക് വർക്ക് ഫ്രം ഹോം ഡ്യൂട്ടി.
അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.
ബീവറേജസ് ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകൾ മാത്രം.
എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.
അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. പരസ്പര സമ്പർക്കമില്ലാത്ത ഔട്ട്ഡോർ സ്പോർട്സ് പ്രവർത്തനങ്ങൾ അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങൾ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ/ ഹോം ഡെലിവറി എന്നിവ മാത്രം. വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.
കാറ്റഗറി എയിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർക്ക് വർക്ക് ഫ്രം ഹോം ഡ്യൂട്ടി.
എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുൾപ്പെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.
ഓട്ടോ, ടാക്സി പ്രവർത്തിക്കാം. ഡൈവർക്ക് പുറമെ ടാക്സികളിൽ മൂന്ന് യാത്രക്കാരെയും ഓട്ടോകളിൽ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങൾ ആണെങ്കിൽ ഈ നിയന്ത്രണം ബാധകമല്ല.
ബീവറേജസ് ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകൾ മാത്രം.
പരസ്പര സമ്പർക്കമില്ലാത്ത ഔട്ട്ഡോർ സ്പോർട്സ് പ്രവർത്തനങ്ങൾ അനുവദിക്കും. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പാഴ്സൽ/ ഹോം ഡെലിവറി എന്നിവ മാത്രം. ഹോം ഡെലിവറി രാത്രി 9.30 വരെ.
വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.