ലോക്ക്ഡൌണ്‍:ജില്ലയില്നിയന്ത്രണംവാര്ഡ്തലത്തില്,തദ്ദേശസ്ഥാപനങ്ങള്അടച്ചിടില്ല,അതിഥിതൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭക്ഷ്യ കിറ്റ്,
കാസര്‍കോട്:ലോക്ഡൗൺ: ജില്ലയിൽ നിയന്ത്രണം വാർഡ് തലത്തിൽ
സംസ്ഥാന തലത്തിലുള്ള ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാർഡുതലത്തിൽ നിയന്ത്രണം നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാ തല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടൽ. ഇതിനായി ആരോഗ്യ വകുപ്പ് വാർഡ് തലത്തിലെ രോഗ സ്ഥിരീകരണ നിരക്ക് ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രോഗ വിവരങ്ങളുടെ ക്രോഡീകരിച്ച കണക്ക് എല്ലാ ചൊവ്വാഴ്ചയും ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ബുധനാഴ്ചകളിലെ കോർ കമ്മിറ്റി യോഗത്തിൽ ഈ കണക്കുകൾ അവതരിപ്പിച്ച് ഏർപ്പെടുത്തേണ്ട പൊതു നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കും. ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ സർവേലൻസ് ഓഫീസർ, എ.ഡി.എം എന്നിവർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കും.
ജില്ലയിൽ കൂടുതൽ രോഗികൾ ഉള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതതു മേഖലകളിൽ മാത്രമായി നിജപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്ട്രാറ്റേഡ് മൾട്ടി സ്റ്റേജ് റാൻഡം സാംപ്ലിങ്ങ് പരിശോധന രീതിയിലും മാറ്റം വരുത്തും. ഒരു വാർഡിൽ 40 പേരെ വീതം ഒരു ദിവസം 55 വാർഡുകളിൽ പരിശോധന നടത്തും. ഏഴ് ദിവസത്തിന് ശേഷം പരിശോധന ആവർത്തിക്കാനും തീരുമാനിച്ചു. ഒരു വാർഡിലെ 75 പേരിൽ പരിശോധന നടത്തും വിധമായിരുന്നു നേരത്തെ ഇത് തീരുമാനിച്ചിരുന്നത്. ജില്ലയിൽ എട്ട് ആരോഗ്യ ബ്ലോക്കുകളിലായി 777 വാർഡുകളാണുള്ളത്. ഒരു ദിവസം 55 വാർഡുകളിലായി 2200 പേർക്ക് കോവിഡ് പരിശോധന നടത്തും. ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കടയുടമകൾ, കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരും ഉൾപ്പെടെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധന നടത്തണം.
പട്ടിക ജാതി, പട്ടിക വർഗ കോളനികളിലെ വാക്സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കോളനികളിൽ തുളുഭാഷയിലും ബോധവത്കരണം നടത്തും. ജില്ലയിൽ പലഭാഗത്തും കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് തടസമാകുന്ന നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കാൻ ജില്ലാ ടെലികോം കമ്മിറ്റി എല്ലാ വ്യാഴാഴ്ചയും യോഗം ചേരും. ഏതൊക്ക മേഖലയിലാണ് റേഞ്ച് പ്രശ്നമുള്ളതെന്ന് മനസിലാക്കി പരിഹാരം കാണും.
ഓൺലൈൻ പഠനത്തിലേക്ക് പൂർണമായും മാറിയത് മൊബൈൽ ഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് പ്രയാസമാകുന്നുണ്ട്. അങ്ങനെയുള്ള കുട്ടികളെ സഹായിക്കാനായി ചാലഞ്ചുകൾ ഉൾപ്പെടെ നടത്തുമ്പോൾ വിദ്യാർഥികളെ പ്രദർശന വസ്തുവാക്കാൻ പാടില്ല. ഏത് കുട്ടിക്കാണോ ഉപകരണങ്ങൾ നൽകുന്നത് ആ കുട്ടിയുടെ സ്കൂൾ അധികൃതരോ പിടിഎ കമ്മിറ്റികളോ അറിഞ്ഞ് മാത്രമേ ഇത്തരം ചാലഞ്ചുകൾ പാടുള്ളൂ. ഇങ്ങനെയുള്ള പരിപാടികളുടെ പേരിൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ല. സർക്കാർ പരിപാടികൾ ഉൾപ്പെടെ ഡിജിറ്റൽ വഴി മാത്രമേ പാടുള്ളൂവെന്നും യോഗം നിർദേശിച്ചു.
ഇനിയൊരു തരംഗം വേണ്ട എന്ന ജില്ലാ തല കാംപയിൻ സർക്കാർ ജീവനക്കാർ ഏറ്റെടുത്ത് മാതൃക കാട്ടണം. കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നില്ല എന്നതുൾപ്പെടെ ഉറപ്പു വരുത്തണം. മാഷ് പദ്ധതി തുടരാനും കോർ കമ്മിറ്റി നിർദേശിച്ചു. അധ്യാപകർക്ക് അനുയോജ്യമായ സ്ഥലത്ത് മാഷ് ഡ്യൂട്ടി ചെയ്യാം. ഇതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആവശ്യമായ സൗകര്യമൊരുക്കണം. അതിഥി തൊഴിലാളികൾക്കുള്ള വാക്സിനേഷൻ ഇനി മുതൽ സ്വകാര്യ ആശുപത്രികളിലും നടത്താവുന്നതാണ്. അതിഥി തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭക്ഷ്യ കിറ്റ് വിതരണം ഊർജിതമായി പുരോഗമിക്കുകയാണ്. ഇത് വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശം നൽകി.
ജില്ലയിൽ ഓക്സിജൻ ക്ഷാമമുണ്ടാകാതിരിക്കാൻ വേണ്ടി ചട്ടഞ്ചാലിൽ പൊതുമേഖലയിൽ സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം നിശ്ചിത ദിവസത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കും. അനന്തപുരത്ത് സ്വകാര്യ മേഖലയിൽ ദ്രവീകൃത ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടപടിയായിട്ടുണ്ട്. രണ്ട് പ്ലാന്റുകളും സമയ ബന്ധിതമായി പൂർത്തീകരിക്കും.
ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, എ,ഡി.എം അതുൽ എസ്.നാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ, മറ്റു കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.