പതിറ്റാണ്ടുകൾക്കകം ആർട്ടിക് സമുദ്രത്തിലെ മഞ്ഞെല്ലാം ഉരുകിത്തീരും, ഹിമക്കരടികളും ജന്തുക്കളും ഇല്ലാതാകും, ധ്രുവങ്ങളിൽ കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളെന്ന് ഗവേഷകർ
ബെർലിൻ: ആർട്ടിക് മേഖലയിലെ മഞ്ഞുരുകലിന്റെ ഞെട്ടിക്കുന്ന വിവരവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ. 20 രാജ്യങ്ങളിൽ നിന്നുളള 300ോളം ഗവേഷകർ പങ്കെടുത്ത 389 ദിവസം നീണ്ടുനിന്ന ആർട്ടിക് ഗവേഷണത്തിന് ശേഷം നടത്തിയ വെളിപ്പെടുത്തലിൽ വേനൽകാലത്ത് ആർട്ടിക് പ്രദേശത്ത് അതിവേഗം മഞ്ഞുരുകി തീരുകയാണെന്ന വിവരമാണ് ഗവേഷകർക്ക് നേതൃത്വം നൽകിയ മാർകസ് റെക്സിന് നൽകാനുളളത്.389 ദിവസത്തെ ഗവേഷണശേഷം കഴിഞ്ഞ ഒക്ടോബറിലാണ് റെക്സ് ജർമ്മനിയിൽ തിരികെയെത്തിയത്. 2020ലെ വസന്തകാലത്ത് ആർട്ടിക് സമുദ്രത്തിലെ ഹിമപാളികൾ ചരിത്രത്തിൽ ഇന്ന് വരെയുണ്ടാകാത്ത നിരക്കിലാണ് വേഗത്തിൽ അലിഞ്ഞുപോയത്. വേനൽകാലത്ത് കടലിലുണ്ടായ മഞ്ഞിന്റെ വ്യാപനം കഴിഞ്ഞ പതിറ്റാണ്ടുകളായുണ്ടാകുന്നതിലും വളരെ കൂടുതലാണ്.ലോകത്തിൽ ഏറ്റവും വലിയ പഠനമാണ് ഇക്കാര്യത്തിൽ റെക്സിന്റെ നേതൃത്വത്തിൽ നടന്നത്. ആർട്ടിക് സമുദ്രം നശിച്ചുകൊണ്ടിരിക്കുന്നു വരുംകാലങ്ങളിൽ മഞ്ഞില്ലാത്ത ആർട്ടിക് വേനൽകാലമുണ്ടാകാം. ഗവേഷകർ പറയുന്നു. 165 മില്യൺ ഡോളർ ചിലവാക്കി നടത്തിയ പഠനത്തിൽ 150 ടെറാബൈറ്റ് ഡാറ്റ സംഭരിച്ചു. ആയിരക്കണക്കിന് ഐസ് സാമ്പിളുകൾ ശേഖരിച്ചു. 1890ൽ ഗവേഷകർ നടത്തിയ പഠനത്തെക്കാൾ പകുതി കട്ടിയേ ആർട്ടിക് മേഖലയിലെ ഐസുകൾക്ക് ഇപ്പോഴുളളു. ഇവിടെ കാലാവസ്ഥ വർദ്ധിച്ചതാകട്ടെ 10 ഡിഗ്രിയോളം ആണ്.സമുദ്രത്തിലെ മഞ്ഞുപാളികൾക്ക് കട്ടിയില്ലാത്തതിനാൽ കൂടുതൽ ചൂട് ആഗിരണം ചെയ്യാൻ വേനൽക്കാലത്ത് സമുദ്രത്തിന് കഴിഞ്ഞു അതോടെ ശരത്കാലത്ത് മഞ്ഞുപാളികൾ രൂപം കൊളളുന്നതിന്റെ വേഗം കുറഞ്ഞു. പരിസ്ഥിതിയിലുണ്ടായ ഈ വലിയ മാറ്റം തിരുത്തി പ്രകൃതിയെ സംരക്ഷിക്കാൻ കഴിയുമോയെന്ന് ഇനി വേണം പഠനവിധേയമാക്കാൻ. ആഗോളതാപനം തടയാൻ ഉടനടി നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.2015ലെ പാരിസ് ഉടമ്പടിപ്രകാരം ആഗോളതാപനം രണ്ട് ഡിഗ്രിയിൽ താഴെയായി നിയന്ത്രിച്ച് നിർത്താൻ ലോകനേതാക്കൾ സമ്മതിച്ചിരുന്നു. 1.5 ഡിഗ്രിയായി കുറക്കാനാണ് ശ്രമം. ആർട്ടിക് മേഖലയിലെ മഞ്ഞ് അനുഭവിക്കാൻ കഴിയുന്ന അവസാന തലമുറയാകും നമ്മുടേതെന്നാണ് ഗവേഷകർ പറയുന്നത്.കടലിലെ വലിയ മഞ്ഞുകട്ടകൾ ഉരുകിത്തീരുന്നത് ധ്രുവകരടികൾക്ക് വലിയ ഭീഷണിയാണ്. സീലുകൾ പോലെയുളള ജീവികൾക്ക് നാശമുണ്ടാകുന്നതിനാലാണിത്. ആർട്ടികിലെ കാലാവസ്ഥ, സമുദ്രം, കടലിലെ ഹിമം, ജൈവപരിസ്ഥിതി എന്നിവയെക്കുറിച്ചാണ് ഗവേഷകർ വിശദമായി പഠിച്ചത്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ ഉഷ്ണതരംഗങ്ങൾ, ശക്തമായ മഴ, കൊടുങ്കാറ്റ് എന്നിവ 20 മുതൽ 100 വർഷത്തിനിടെ ഉണ്ടാകുമോയെന്ന് മനസിലാക്കാൻ കഴിയും.