സിപിഎമ്മിന് കോൺഗ്രസിനെ ഭയമാണ്,പിണറായി വിമർശിക്കാൻ വളര്‍ന്നിട്ടില്ല,അഞ്ച് വർഷത്തിനകം പാർട്ടി തിരിച്ചുവരും,
കെ സുധാകരൻ
തിരുവനന്തപുരം: എല്ലാവരുടേയും പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയരുമെന്നും പാർട്ടിയെ തിരികെ കൊണ്ടുവരുമെന്നും കെ പി സി സി അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത കെ സുധാകരൻ എം പി. ജനം പ്രതീക്ഷിക്കുന്ന റിസൽറ്റുണ്ടാക്കാൻ ഒത്തുപിടിച്ചാൽ നടക്കും. അധികാരത്തിന് പിറകെ പോകാതെ കോൺഗ്രസ് നേതാക്കൾ അഞ്ച് വർഷം കഠിനപ്രയത്നം നടത്തണമെന്നും കോൺഗ്രസ് രാജ്യത്ത് തകരില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യം തകരാത്തത് കോൺഗ്രസിന്റെ കരുത്തുകൊണ്ടാണ്. അധികാരത്തിന്റെ പിറകെ പോകാതെ പ്രാദേശിക തലത്തിൽ പാർട്ടിക്ക് വേണ്ടി നേതാക്കൾ പ്രവർത്തിക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോൺഗ്രസിന് തിരികെ വരണം. പിണറായിയാണോ താനാണോ ആർ എസ് എസെന്ന് ജനം തീരുമാനിക്കും. പളളിയേയും അമ്പലത്തേയും തളളിപ്പറഞ്ഞവർ ഇന്ന് വോട്ട് കിട്ടാൻ എന്തും ചെയ്യുകയാണെന്നും സുധാകരൻ പറഞ്ഞു.ഒരുപാട് മാറ്റങ്ങൾ കോൺഗ്രസിലുണ്ടാകണം. തന്റെ പ്രവർത്തനം കൊണ്ട് കോൺഗ്രസിന്റെ ഒരു ചിറക് പോലും അറ്റുപോകില്ല. ഒത്തൊരുമിച്ച് സ്ഥാനമാനങ്ങൾ ത്യജിച്ച് നിന്നാൽ ദീർഘകാലമെടുക്കാതെ പാർട്ടിയെ തിരികെ കൊണ്ടുവരാം.കോൺഗ്രസിനെ സി പി എമ്മിന് ഭയം ആണ്. കോൺഗ്രസ് അതിശക്തമായി തിരിച്ച് വരുമെന്ന ഭീതിയും സി പി എമ്മിനുണ്ട്. ബി ജെ പിക്കാരെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല. വോട്ടുവാങ്ങാൻ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ പിണറായി വിമർശിക്കാൻ മാത്രം വളര്‍ന്നിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.