മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ മുഖം എലി കരണ്ടു; പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
പട്ടാമ്പി: സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടതായി പരാതി. പാലക്കാട് പട്ടാമ്പി സേവന ആശുപത്രിക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒറ്റപ്പാലം സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ടത്.
ആന്ജിയോപ്ലാസ്റ്റിക്കായി കഴിഞ്ഞ ദിവസമാണ് സുന്ദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇവര്‍ മരണപ്പെട്ടു. മൃതദേഹം വീട്ടിലേക്ക് അന്നുതന്നെ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
പിറ്റേന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് മൃതദേഹത്തിന്റെ മുഖത്തെ മുറിവുകള്‍ ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആരാഞ്ഞു. അപ്പോഴാണ് എലി കരണ്ടതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചുമുറിച്ച നിലയിലാണ്.
ഇതോടെ സുന്ദരിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കാന് തീരുമാനിച്ചു. ഇതുസംബന്ധിച്ച് വിശദീകരണം നല്കാന് ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.