മഞ്ചേശ്വരം കോഴക്കേസ് മുറുകുന്നു :ബിജെപി സുന്ദരയ്ക്കു നല്കിയ 70,000 രൂപകൂടി കണ്ടെത്തി
അന്വേഷണം കാസർകോട് മണ്ഡലത്തിലേക്കും
കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രനുവേണ്ടി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് നല്കിയ പണത്തില്‍ 70,000 രൂപകൂടി കണ്ടെത്തി. ഇതോടെ കണ്ടെത്തിയ തുക 1,70,000 രൂപയായി. രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണുമാണ് ബിജെപി നേതാക്കള്‍ സുന്ദരയ്ക്ക് നല്‍കിയിരുന്നത്. സുന്ദര ബന്ധുക്കള്‍ക്ക് നല്കിയ പണമാണ് ജില്ലാ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
ഒരുലക്ഷം നേരത്തെ സുന്ദരയുടെ സുഹൃത്തിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയിരുന്നു. കുറച്ച് തുക വീട് അറ്റകുറ്റപണിക്ക് ചെലവഴിച്ചെന്നും പാവപ്പെട്ട ബന്ധുക്കള്‍ക്ക് നല്‍കിയെന്നും സുന്ദര മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷകസംഘം പണംലഭിച്ച ബന്ധുക്കളെ കണ്ടത്. പണം ലഭിച്ചവരില്‍നിന്ന് മൊഴിയെടുക്കുന്നുമുണ്ട്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്-2 മുമ്പാകെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കല്‍ സാങ്കേതിക കാരണങ്ങളാല്‍ ചൊവ്വാഴ്ച നടന്നില്ല. ഫോണ്‍ വാങ്ങിനല്‍കിയ ബിജെപി പ്രവര്‍ത്തകനെ ഉടന്‍ ചോദ്യംചെയ്തേക്കും. ഇതോടെ ഇയാളെ ചുമതലപ്പെടുത്തിയ നേതാക്കളെ കണ്ടെത്താനാകും. സുന്ദരയുടെ വീട്ടിലെത്തി പണം നല്കിയ ബിജെപി നേതാക്കളെയും ചോദ്യംചെയ്യും. ഇവരാണ് സുന്ദരയെ മഞ്ചേശ്വരം ജോഡ്കല്ലിലെ ബിജെപി ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി സ്ഥാനാര്‍ഥിത്വം പിന്വലിപ്പിപ്പിച്ചത്.