‘ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം’; കെ ബാബുവിനെതിരെ എം സ്വരാജ് ഹൈക്കോടതിയില്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ബാബു ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചെന്നാണ് സ്വരാജിന്റെ ഹര്‍ജിയിലെ വാദം.
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്തു എന്ന് ഹര്‍ജിയില്‍ പറയുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മില്‍ ആണെന്ന് ബാബു പ്രചാരണം നടത്തി. എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്ന് കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യന്റെ പേര് ഉപയോഗിച്ചു എന്നും ഹര്‍ജിയിലുണ്ട്.
കെ ബാബുവിനെ അസാധുവായി പ്രഖ്യാപിച്ചു തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു. അഡ്വക്കേറ്റ് കെ എസ് അരുണ്‍കുമാര്‍, പി കെ വര്‍ഗീസ് എന്നിവരാണ് സ്വരാജിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.