പ്രമുഖ ഇസ്ലാമിക പണ്ഡിതന് കീളക്കര തൈക്കാശുഐബ്ആലം അല് ഖാദിരി നിര്യാതനായി.
പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കീളക്കര തൈക്കാശുഐബ്ആലം അൽ ഖാദിരി നിര്യാതനായി.
കാഞ്ഞങ്ങാട്: പ്രമുഖ ഇസ്ലാമിക് പണ്ഡിതനും ആത്മീയ വ്യക്തിത്വവും ഗ്രന്ഥകാരനുമായ കീളക്കര തൈക്കാ ശുഐബ്ആലം അൽ ഖാദിരി (90) നിര്യാതനായി.
ഇന്നലെ പുലർച്ചെ കാഞ്ഞങ്ങാട് ആറങ്ങാടിയിലെ വീട്ടി ലായിരുന്നു അന്ത്യം .
പ്രമുഖപണ്ഡിതനായ കീളക്കര സ്വദഖതുല്ലാഹിൽ ഖാഹിരി റഹിമഹുല്ലയുടെ പൗത്രനാണിദ്ദേഹം.
കൊവ്വൽ പള്ളിക്കടുത്ത ആറങ്ങാടിയിൽ തിടിൽ കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുക വഴി കാഞ്ഞങ്ങാട് കൊവ്വൽ പള്ളിയിലാണ് അവസാന കാലത്ത് താമസമുണ്ടായിരുന്നത്. ഇവിടത്തെ ആത്മീയ രംഗവുമായും നല്ല ബന്ധമുണ്ട്.
1930 ൽ കീളക്കരയിലെ പ്രമുഖ പണ്ഡിത തറവാട്ടിൽ പെരിയ ശൈഖ് നായഗം എന്നറിയപ്പെട്ടിരുന്ന ശൈഖ് അഹ്മദ് അബ്ദുൽ ഖാദിറിന്റെയും സിത്തി മറിയം ആയിശ ഉമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായിട്ടാണ് ശൈഖ് ശുഐബിന്റെ ജനിച്ചത്.
പിതാമഹന്മാർ സ്ഥാപിച്ച അറൂസിയ്യ മദ്രസയിൽ സ്വന്തം പിതാവിന് കീഴിൽ പഠനമാരംഭിച്ച അദ്ദേഹം പിന്നീട് മദ്രസ ബാഖിയാത്തുസ്വാലിഹാത്തിലും ജമാലിയ അറബിക് കോളേജിലും ദാറുൽ ഉലൂം ദയൂബന്ദിലും ഡൽഹി ജാമിഅഃ മില്ലിയ ഇസ്ലാമിയയിലുമായി ഇന്ത്യയിലെ പഠനം പൂർത്തിയാക്കി.
ഉന്നതവിദ്യാഭ്യാസത്തിനായി അൽ അസ്ഹറിലും മദീന യൂണിവേഴ്സിറ്റിയിലും പോയി. അറബി, പേർഷ്യൻ ഭാഷകളിൽ ബിരുദാനന്തര ബിരുദം നേടിയത് ശ്രീ ലങ്കയിൽ നിന്നായിരുന്നു. തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും മുസ്ലിംകൾ ഇപ്പോഴും ഉപയോഗിച്ചുപോരുന്ന അറബി-തമിഴ് ലീപിയായ അർവി ഭാഷയെക്കുറിച്ചും വിഖ്യാതരായ അർവികളെകുറിച്ചുമുള്ള നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് അവിടുന്ന് അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്.
ബിരുദപഠനകാലത്ത് തന്നെ മദ്രസ അറൂസിയ്യയിൽ ദർസ് തുടങ്ങിയ അദ്ദേഹത്തിന് ആയിരക്കണക്കിന് മതപണ്ഡിതരെ വാർത്തെടുക്കാനായി.
നല്ലൊരു ഗ്രന്ഥകാരനും അർവിയുടെ പ്രചാരകനുമായിരുന്ന ശൈഖ് ശുഐബ്. ഫിഖ്ഹ് നിയമങ്ങളെക്കുറിച്ച് അർവിയിൽ ആദ്യമായി രചിച്ച ഗ്രന്ഥമായ ‘നിത്യ കദൻ’ പ്രസിദ്ധീകരിച്ചത് 17-ാം വയസ്സിലാണ്.
തമിഴ്,ഇംഗ്ലീഷ്, അർവി ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയ അദ്ദേഹം നൂറുകണക്കിന് പഴയ കൈയ്യഴുത്ത് ഗ്രന്ഥങ്ങളുടെ സംരക്ഷകൻ കൂടിയാണ്.
Arabic, Arwi and Persian in Sarandib and Tamil Nadu —
A study of the Contributions of Sri Lanka and Tamil Nadu to Arabic,
Arwi, Persian and Urdu Languages, Literature and Education” എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ ദീർഘകാലത്തെ ഗവേഷണത്തിനാണ് അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
പിന്നീട് പുസ്ത രൂപത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധം അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ ആയിരുന്നു ആദ്യ കോപ്പി ഏറ്റുവാങ്ങി പ്രകാശനം ചെയ്തത്. നിരവധി രാജ്യങ്ങളിലെ ഉന്നതരാൽ പ്രകാശനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം ഏറെ പ്രശംസകൾ പിടിച്ചുപറ്റി. ചരിത്രത്തിൻ്റെ ഇരുളിൽ എന്നോ മറഞ്ഞുപോകുമായിരുന്ന ഒരു ചരിത്രത്തെയും, സംസ്കൃതിയേയുമാണ് ശൈഖ് ശുഐബ് ഈ ഗ്രന്ഥത്തിലൂടെ പുനരുജ്ജീവിപ്പിച്ചത്.അതിലെ ഒന്ന് മുതൽ മുപ്പത് വരെയുള്ള അനുബന്ധങ്ങൾ പോലും പഠനാർഹമായിരുന്നു.
അദ്ദേഹത്തിന്റെ ഭാഷാ-ഗവേഷണ രംഗത്തെ സേവനങ്ങളെ മുൻനിർത്തി 1994 ൽ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ വ്യതിരിക്തനായ അറബി പണ്ഡിതനുള്ള ദേശീയ പുരസ്ക്കാരം നൽകി ആദരിച്ചു..
. ഭാര്യ: സൈനബ .മക്കൾ: സയ്യിദ് അബ്ദുൾ ഖാദർ (ദുബൈ), സാറമ്മ , സദക്കാത്ത്, സുലൈമാൻ .ഭൗതികദേഹം കാഞ്ഞങ്ങാട് നിന്നും സ്വദേശമായ തമിഴ് നാട്ടിലെ കിളക്കരയിലേക്ക് കൊണ്ട് പോയി.