ലോക്ഡൗണ്‍ ലഘൂകരിക്കും; ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും
തിരുവനന്തപുരം: ജൂണ്‍ 16 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗൺ നാളെ മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.
ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും. ബവ്കോ ഔട്ട്ലെറ്റുകളും ബാറുകളും രാവിലെ 9 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കും. ആപ്പ് മുഖാന്തിരം സ്ലോട്ട് ബുക് ചെയ്യാം. ഷോപ്പിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ (ടിപിആർ) അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ 7 ദിവസത്തെ ടിപിആർ നിരക്ക് 8% ആണെങ്കിൽ രോഗം കുറവുള്ള സ്ഥലമാണ്. 20% വരെ മിതമായ സ്ഥലം. 20ന് മുകളിൽ അതിവ്യാപന മേഖല. 30ന് മുകളിലാണെങ്കിൽ കൂടുതൽ നിന്ത്രണങ്ങൾ നടപ്പിലാക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പഞ്ചായത്തുകളെ കണ്ടെത്തി കണ്ടൈൻമെന്റ് സോണാക്കും. അപകട സൂചന നൽകുന്ന പഞ്ചായത്തുകളിൽ അധിക നിയന്ത്രണം ഏർപ്പെടുത്തും. ടിപിആർ 8 ശതമാനം വരെയുള്ള സ്ഥലങ്ങളിൽ എല്ലാ കടകളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. ഈ സ്ഥലങ്ങളിൽ വ്യാവസായിക, കാർഷിക പ്രവർത്തനം അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്കു യാത്ര ചെയ്യാൻ അനുവാദമുണ്ടാകും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7വരെ തുറക്കാം.
എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ടിപിആർ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനം ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് പരസ്യപ്പെടുത്തും. വ്യാപനത്തോത് നോക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് പരിശോധനയ്ക്കു ടാർഗറ്റ് നൽകും. ഓരോ വീട്ടിലും ആദ്യം പോസിറ്റീവാകുന്ന വ്യക്തി കരുതൽ വാസ കേന്ദ്രത്തിൽ ക്വാറന്റീൻ ചെയ്യണം. വീടുകളിൽ സൗകര്യമുള്ളവർ മാത്രമേ വീടുകളിൽ ക്വാറൻറീനിൽ കഴിയാൻ പാടുള്ളൂ.
പുതിയ ഇളവുകൾ:
∙ അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.
∙ എല്ലാ പൊതുപരീക്ഷകൾക്കും അനുമതി
∙ വിവാഹം, മരണാനന്തര ചടങ്ങിൽ 20 പേർ.
∙ ജൂൺ 17 മുതൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.
∙ സെക്രട്ടേറിയറ്റിൽ 50 ശതമാനം വരെ ജീവനക്കാർക്കു പ്രവർത്തിക്കാം.
∙ ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ.
∙ ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ.
∙ ആൾക്കൂട്ടമോ പൊതുപരിപാടിയോ അനുവദിക്കില്ല. എല്ലാ മേഖലയിലും ഇളവ് ഉണ്ടാകില്ല.
∙ റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. ഹോം ഡെലിവറിയും പാഴ്സലും അനുവദിക്കും.
∙ വിനോദപരിപാടികളും ഇൻഡോർ പ്രവർത്തനവും അനുവദിക്കില്ല. മാളുകളുടെ പ്രവർത്തനവും അനുവദിക്കില്ല.
∙ ജൂൺ 17 മുതൽ ബെവ്കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ.