യുവതിയെ പത്തുവര്‍ഷം ഒറ്റമുറി യില്‍ പാര്‍പ്പിച്ച സംഭവം ; റഹ്മാനെ മഹത്വവല്‍ക്കരിക്കുന്നത് ശരിയല്ലെന്ന് വനിതാകമ്മീഷന്
പാലക്കാട്: നെന്മാറയില് പ്രണയിനിയെ യുവാവ് ഒറ്റമുറിയില്‍ പത്ത് വര്‍ഷം രഹസ്യമായി പാര്‍പ്പിച്ച സംഭവത്തില്‍ റഹ്മാനെ മഹത്വവത്കരിക്കുന്ന രീതി ശരിയല്ലെന്നു സംസ്ഥാന വനിതാകമ്മീഷന്. നെന്മാറയിലെ വീട്ടിലെത്തിയ വനിതാ കമ്മീഷന് അംഗങ്ങള്‍ സജിതയും റഹ്മാനും താമസിച്ചിരുന്ന വീട് കണ്ട ശേഷമാണ് പ്രതികരിച്ചത്. സംഭവം വാര്‍ത്തയിലൂടെ അറിഞ്ഞാണ് വനിതാ കമ്മീഷന് ഈ വിഷയത്തില്‍ ഇടപെട്ടത്.
സംഭവത്തില്‍ എന്തൊക്കയോ അവിശ്വസനീയമായ കാര്യങ്ങള്‍ ഉണ്ടെന്ന് കരുതുന്നതായും തേനും പാലും നല്കിയാലും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷിയാണെങ്കില്‍ അതും ബന്ധനം തന്നെയാണെന്നും വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് പ്രതികരിച്ചു. ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ്. ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്മാനും സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ അവര്‍ ഇനിയും മുന്നോട്ട് സുഖമായി ജീവിക്കട്ടേയെന്നും വനിതാ കമ്മീഷന് പ്രതികരിച്ചു.
അസാധാരണ സംഭവമാണ് സജിതയുടേയും റഹ്മാന്റേയും ജീവിതം. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ രാത്രി വരെ കാത്തിരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥയാണ് കമ്മീഷന് പരിഗണിച്ചത്. കേരളത്തില്‍ ഇത്തരമൊരു കേസ് ഇതാദ്യമാണ്. ഗൗരവത്തോടെയാണ് ഈ കാര്യത്തെ കാണുന്നത്. ഇരുവരോടും സംസാരിച്ചു. എന്തുകൊണ്ട് ഒറ്റമുറിയില്‍ നിന്ന് പുറത്തിറങ്ങി ജീവിക്കാന്‍ തീരുമാനിച്ചില്ലെന്ന ചോദ്യത്തിന് സമൂഹത്തിന്റേയും വീട്ടുകാരുടേയും എതിര്‍പ്പുണ്ടാവുമെന്ന ഭയം കൊണ്ടാണെന്നാണ് ഇരുവരും പ്രതികരിച്ചതെന്നും പറഞ്ഞു.