ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കല്‍; തൃശ്ശൂരില്‍ യുവാവും യുവതിയും അറസ്റ്റില്‍
ചേര്‍പ്പ്(തൃശ്ശൂര്‍): ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല കവരുന്ന യുവാവിനെയും യുവതിയെയും ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിക്കര മാറ്റാംപുറം മുളയ്ക്കല്‍ നിജിന്‍ (28), അരിമ്പൂര്‍ പരയ്ക്കാട് മുറ്റിശ്ശേരി ജ്യോതിഷ (32) എന്നിവരാണ് അറസ്റ്റിലായത്. അമ്മാടത്ത് വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു.
ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പാലക്കാട് കണ്ണബ്രം എന്ന സ്ഥലത്ത് വീട്ടില്‍ കുടിവെള്ളം ചോദിച്ചുചെന്ന് മാല പൊട്ടിച്ച് പോകുന്നതിനിടെ നാട്ടുകാര്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു.
പീച്ചി പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ മാലപൊട്ടിക്കല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ബൈക്കിന്റെ നമ്പര്‍ വ്യക്തമാകാത്തതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചേര്‍പ്പ് പോലീസിലെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കവര്‍ന്ന മാലകള്‍ ചേര്‍പ്പിലും പരിസരങ്ങളിലും ഉള്ള ജൂവലറികളില്‍നിന്ന് പോലീസ് കണ്ടെടുത്തു.
പീച്ചി, മണ്ണുത്തി, മെഡിക്കല്‍ കോളേജ്, വിയ്യൂര്‍, ഒല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുകളുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. സി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു, എസ്.ഐ. മഹേഷ് കുമാര്‍, ദിലീപ് കുമാര്‍ എന്നിവരാണ് കേസന്വേഷിച്ചത്.