കടല്‍ക്കൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി; 10 കോടി രൂപ കേരളത്തിന് കൈമാറും
ന്യൂഡല്‍ഹി;ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഇരകള്‍ക്ക് കൈമാറാനായി പത്ത് കോടി നഷ്ടപരിഹാരം കേരളാ ഹൈക്കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസിലെ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്കി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് എം.ആര് ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചിട്ടുണ്ടായിരുന്നത്. നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി സമ്മതിച്ചപ്പോള്‍ത്തന്നെ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാമെന്ന ധാരണ സുപ്രീം കോടതി കൈക്കൊണ്ടിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ ഇന്ത്യയിലല്ല, ഇറ്റലിയില്‍ മാത്രമേ തുടരാനാകൂ എന്ന് ഇന്‍ര്‍നാഷണല്‍ ട്രിബ്യൂണലും അഭിപ്രായപ്പെട്ടിരുന്നു.