കേന്ദ്രത്തിൻ്റെ പുതിയ പൗരത്വ വിജ്ഞാപനം:പോപുലര്‍ ഫ്രണ്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹർജി ഫയല്‍ ചെയ്തു
ന്യൂ ഡൽഹി : അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ മുസ്ലീംകളല്ലാത്തവരിൽ നിന്ന് ഇന്ത്യന്‍ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ ഭരണഘടനസാധുത ചോദ്യം ചെയ്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹരജി ഫയല്‍ ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദാണ് ഹരജി സമര്‍പ്പിച്ചത്. പൗരത്വ ഭേദഗതി നിയമം (2019) പ്രകാരമുള്ള ചട്ടങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല. വസ്തുത ഇതായിരിക്കെയാണ് അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലീംകളല്ലാത്തവരിൽ നിന്ന് പൗരത്വം നേടുന്നതിനുള്ള അപേക്ഷ മെയ് 28ന് കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന മതസ്ഥരില്‍ നിന്നാണ് അപേക്ഷ തേടിയത്. ഇത് വിവാദമായ പൗരത്വ ഭേദഗതി നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള കേന്ദ്രനടപടിയുടെ ഭാഗമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
1955ലെ പൗരത്വ നിയമത്തിലെ 5, 6 വകുപ്പുകള്‍ പ്രകാരമുള്ള അവകാശങ്ങള്‍ മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രം നിഷേധിക്കുന്നതാണ് പുതിയ വിജ്ഞാപനം. അതിനാല്‍ ഈ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും വിവേചനപരവും അനുഛേദം പതിനാലിന്റെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഹരജിയിലൂടെ ആവശ്യപ്പെട്ടു. വകുപ്പ് 5, 6ന് വിരുദ്ധമായ വിജ്ഞാപനത്തില്‍ കോടതി ഇടപെടണമെന്നും 1955ലെ പൗരത്വ നിയമത്തിലെ പതിനാറാം വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള കേന്ദ്ര നടപടിക്കെതിരേ കോടതി നടപടി ആവശ്യമാണെന്നും ഹരജി ചൂണ്ടികാട്ടുന്നു.