അതിശക്ത മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്; കാസർകോട് രണ്ട് ദിവസം ഓറഞ്ച് അലേർട്ട്. പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ ഇറങ്ങി .
കാസർകോട് : അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലേർടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടയിൽ ഹൊസ്ദുർഗിൽ എട്ടും മഞ്ചേശ്വരത്ത് മൂന്നും വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകളും പൂർത്തീകരിക്കണം.
പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
* അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
*അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻനിർത്തി മാറി താമസിക്കാൻ തയ്യാറാവണം.
*സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.
*ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
*ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.
*ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല.
*അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
*മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
*കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ഒരുക്കാം എമർജൻസി കിറ്റ്
അടിയന്തിരാവശ്യങ്ങൾക്കായി എപ്പോഴും എമർജൻസി കിറ്റ് കയ്യിൽ കരുതുന്നത് ജീവൻ നിലനിർത്തുന്നതിന് പ്രധാനമാണ്. 14 സാധനങ്ങൾ നിർബന്ധമായും കിറ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം.
ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം. ബിസ്ക്കറ്റ്, റസ്ക്, നിലക്കടല പോലുള്ള ലഘു ഭക്ഷണ പദാർഥങ്ങൾ.
മുറിവുകൾക്ക് പുരട്ടാനുള്ളവ പോലെ എപ്പോഴും ആവശ്യമായ മരുന്നുകൾ ഉൾക്കൊള്ളുന്ന ഫസ്റ്റ് എയ്ഡ് കിറ്റ്. സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണെങ്കിൽ ആ മരുന്നുകൾ നിർബന്ധമായും കിറ്റിൽ സൂക്ഷിക്കണം.
ആധാരം, ലൈസൻസ്, ആധാർ കാർഡ്, റേഷൻ കാർഡ്, സർട്ടിഫിക്കറ്റുകൾ തുടങ്ങി വിലയേറിയ രേഖകൾ, അത്യാവശ്യത്തിനുള്ള പണം.
ദുരന്ത സമയത്ത് അപ്പപ്പോൾ നൽകുന്ന നിർദ്ദേശങ്ങൾ കേൾക്കാൻ ഒരു റേഡിയോ.
വ്യക്തി ശുചിത്വ വസ്തുക്കളായ സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സാനിറ്ററി പാഡ്…തുടങ്ങിയവ
ഒരു ജോടി വസ്ത്രം.
ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന സഹായ ഉപകരണങ്ങൾ.
വെളിച്ചത്തിനായി മെഴുകു തിരിയും തീപ്പെട്ടിയും പ്രവർത്തന സജ്ജമായ ടോർച്ചും ബാറ്ററിയും
രക്ഷാ പ്രവർത്തകരെ ആകർഷിക്കുന്നതിനായി വിസിൽ
അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കത്തിയോ ബ്ലേയ്ഡോ
മൊബൈൽ ഫോൺ ചാർജർ, പവർ ബാങ്ക്
സാനിറ്റൈസർ, സോപ്പ്, മാസ്ക്
താലൂക്ക്തല കൺട്രോൾ റൂമുമായി ബന്ധപ്പെടാം
തുടർച്ചയായ ദിവസങ്ങളിൽ അതിശക്ത മഴ പ്രവചിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കൺട്രോൾ റൂമുകൾ താലൂക്ക്തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്കും സേവനം ആവശ്യമുള്ളവർക്കും ബന്ധപ്പെടാം. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 04994 257700, കാസർകോട് 04994 230021, മഞ്ചേശ്വരം 0499 8244044, ഹോസ്ദുർഗ് 04672204042, 0467 2206222, വെള്ളരിക്കുണ്ട് 0467 2242320