വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസെടുക്കാനായി ബി എഡ് വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള തീരുമാനം ഉടൻ പിൻവലിക്കണം – :സുകുമാരൻ പൂച്ചക്കാട്
ഉദുമ : അധ്യാപക ക്ഷാമം രൂക്ഷമായ കാസർകോട് ജില്ലയിൽ ഓൺലൈൻ ക്ലാസെടുക്കാനായി ബി എഡ് വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള തീരുമാനം നിയമന ഉത്തരവ് ലഭിച്ച അധ്യാപകരോടുള്ള വഞ്ചനയെന്നും, ഈ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് ആവശ്യപ്പെട്ടു.
പൊതു വിദ്യാലയങ്ങളിൽ 1000 ലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പി.എസ്.സി നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർത്ഥികളെ അവഗണിച്ച് യോഗ്യതയില്ലാത്ത അധ്യാപക ട്രെയിനികളെ നിയമിക്കുന്നതിനുള്ള ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ.ബേക്കൽ ഉപജില്ലാ കമ്മിറ്റി ബേക്കൽ ബി.ആർ.സിക്ക് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേക്കൽ ഉപജില്ലാ പ്രസിഡണ്ട് പുഷ്പ.കെ.എൻ അധ്യക്ഷത വഹിച്ചു. സി.കെ.വേണു, ഗോപി കാരാക്കോട്, കൃഷ്ണകുമാർ, നിഷിത കെ.വി എന്നിവർ നേതൃത്വം നൽകി.