പൂജചെയ്യുന്നത് തെങ്ങില്‍ കയറുന്നതിനേക്കാള്‍ മഹത്തരമാണെന്ന് കരുതുന്നില്ല.. രാഹുൽ ഈശ്വറിന് മറുപടിയുമായി ലക്ഷ്മി രാജീവ്
തിരുവനന്തപുരം :പൂജചെയ്യുന്നത് കുലപുണ്യമാണെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തിന് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തക ലക്ഷ്മി രാജീവ്. മറ്റേത് കുലതൊഴിലിനെപ്പോലെയും മാത്രമേ പൂജചെയ്യുന്നതിനെയും കാണാനാകൂ എന്നും അത് തെങ്ങില്‍ കയറുന്നതിനേക്കാള്‍ ഒട്ടും മഹത്തരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മി രാജീവ് മറുപടി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയിലെ സംവാദ പരിപാടിയ്ക്കിടയിൽ ആയിരുന്നു ഇരുവരുടെയും വാദപ്രതിവാദങ്ങള്‍.
പൂജ ചെയ്യുന്നത് ജോലിയല്ല. തേങ്ങയിടാന്‍ പോകുന്ന മീന്‍പിടിക്കാന്‍ പോകുന്ന ജോലിപോലെയല്ല പള്ളീലച്ചന്റെയും മൗലവിയുടെയും പൂജാരിയുടെയും ധര്‍മ്മം. അതൊരു ആത്മീയ ദൈവീക ധര്‍മ്മമാണ്. ഇതൊരു കുല പുണ്യമെന്നോ ജന്മധര്‍മ്മമെന്നോ പറയാമെന്നായുരുന്നു രാഹുല്‍ ഈശ്വറിൻറെ വാദം.
ബ്രാഹ്മണ്യത്തിനുള്ള പാരമ്പര്യത്തൊഴിലാണ് പൂജചെയ്യുന്നെയാരുന്നു ലക്ഷ്മി രാജീവിൻറെ മറുപടി. ”പൂജ ചെയ്യുന്നത് തെങ്ങില്‍ കയറുന്നതിനേക്കാള്‍ ഒട്ടും മഹത്തരമാണെന്ന് വിശ്വസിക്കുന്നില്ല. തെങ്ങില്‍ കയറാന്‍ അതിനേക്കാള്‍ ധൈര്യം ആവശ്യമാണ്. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതും അതിനേക്കാള്‍ ഒട്ടും കുറഞ്ഞ പണിയാണെന്നും വിശ്വസിക്കുന്നില്ല. പാരമ്പര്യമായിട്ട് ചെയ്യുന്ന ആളുകള്‍ക്ക് ഇതെല്ലാം കുലത്തൊഴില്‍ മാത്രമാണ്. അതില്‍ എന്താണ് വ്യത്യാസം.
പാരമ്പര്യമായി ചെയ്യുന്ന എല്ലാ ജോലികളില്‍ ഒന്നും ഒന്നിനേക്കാളും മഹത്തരമോ ആത്മീയമായിട്ട് ഉയര്‍ന്നതോ അല്ല. അതുപോലെ തന്നെയൊരു തൊഴിലാണ് സര്‍ക്കാര്‍ ജോലിയും. കുലത്തൊഴില്‍ ചെയ്യാന്‍ കഴിവുള്ളവര്‍ വന്ന് തന്ത്രം പഠിച്ച് സര്‍ക്കാര്‍ ജോലിയില്‍ കയറുന്നു. ബ്രഹ്മണ സമൂഹത്തിലുള്ളവര്‍ അതുപോലെ തന്നെ മറ്റ് സര്‍ക്കാര്‍ ജോലികളിലും ചേരുന്നു. അപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ പൂജാരിപട്ടം കുലത്തൊഴിലാവുന്നില്ല’- ലക്ഷ്മി പറഞ്ഞു.