പൊയ്മുഖം അഴിഞ്ഞുവീഴുന്നു
കടുംവെട്ടിൽവെട്ടിലായി സിപിഐ.. മരംമുറി മുൻ മന്ത്രിമാരുടെ അറിവോടെയെന്ന് പലതവണ കൂടിയാലോചനകള്‍ നടന്നുവെന്നും
തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ ഉത്തരവിറക്കിയത് മന്ത്രിമാര്‍ കൂടിയാലോചിച്ചശേഷം. റവന്യൂ-വനം മന്ത്രിമാര്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും പലതവണ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. 2018-ലെ സര്‍വകക്ഷിയോഗത്തിന് ശേഷമാണ് മരംമുറിയുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
കര്‍ഷകരുടെ ഭൂമിയില്‍ കിളിര്‍ത്തുവന്നതും വെച്ചുപിടിപ്പിച്ചതുമായ മരങ്ങള്‍ മുറിക്കാനുളള അനുവാദം വേണമെന്നുളള ആവശ്യം കര്‍ഷക സംഘടനകളുടെ ഭാഗത്ത് നിന്നും മലയോര പ്രദേശങ്ങളിലെ എംഎല്‍എമാരുടെ ഭാഗത്തും നിന്നും വിവിധ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നിരവധി തവണ സബ്മിഷനായി ഈ വിഷയം നിയമസഭയില്‍ വന്നതുമാണ്. തുടര്‍ന്നാണ് 2018-ല്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ആ യോഗത്തിന്റെ ആവശ്യപ്രകാരമാണ് പിന്നീട് ഈ ഉത്തരവിലേക്ക് പോയതെന്നാണ് നേരത്തേ മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ഉത്തരവിന്റെ മറവില്‍ വന്‍ മരംകൊളളനടന്നതായാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.
എന്നാല്‍ മരംമുറിയുമായി ബന്ധപ്പെട്ട ഒരോ നീക്കങ്ങളിലും മന്ത്രിമാര്‍ക്ക് വ്യക്തമായ പങ്കുണ്ട് എന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ മാത്രം പിഴവല്ല ഉത്തരവ് എന്നതിനുളള വ്യക്തമായ തെളിവ് നല്‍കുന്നതാണ് പുറത്തുവന്നിരിക്കുന്ന രേഖകള്‍.
പലതവണ ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. 2019 ജൂലായ് 19, ഓഗസ്റ്റ് മൂന്ന്, ഡിസംബര്‍ അഞ്ച് എന്നീ തീയതികളില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. അതിനുശേഷം വനംവകുപ്പിന്റെ നിരവധി യോഗങ്ങള്‍ പിന്നീടും നടന്നിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്തുകയും പാര്‍ട്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയുമുണ്ടായിട്ടുണ്ട്. എല്ലാം കഴിഞ്ഞാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഈ നടപടിക്രമങ്ങള്‍ക്കെതിരേ ഇടപെടല്‍ നടത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും ഈ ഉത്തരവില്‍ പറയുന്നുണ്ട്. പ്രകൃതിവിഭവങ്ങളുമായും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുളള തീരുമാനങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന സിപിഐയുടെ വകുപ്പുകളിലാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
മരംമുറിയില്‍ ബഹുമുഖ അന്വേഷണമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലന്‍സിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഫോറസ്റ്റിന്റെയും അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഗൂഢാലോചന അന്വേഷിക്കും, വിജിലന്‍സ് സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കും, മരം കടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകള്‍ ഫോറസ്റ്റ് അന്വേഷിക്കും. എന്നാല്‍ ഇതിലൊന്നും ഉത്തരവിന് പിറകിലെ ഗൂഢാലോചനയെ കുറിച്ചുളള അന്വേഷണം ഉണ്ടാകാന്‍ സാധ്യതയില്ല.