കാസർകോട് ജില്ലാ കളക്ടർ പിടിച്ച ചന്ദനക്കടത്തും അട്ടിമറിച്ചു, അന്വേഷണ ഉദ്യോഗസ്ഥനെ ‘നാടുകടത്തി’ വാർത്തയുമായി കേരള കൗമുദി
കാസർകോട്: ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നേരിട്ട് പിടികൂടിയ രണ്ടര കോടി രൂപയുടെ ചന്ദന കള്ളകടത്തു കേസിന്റെ അന്വേഷണവും ഉന്നതർ അട്ടിമറിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ചന്ദനവേട്ടക്കേസാണ് ആട്ടിമറിക്കപ്പെട്ടത്.ജില്ലാ കളക്ടരുടെയും ജില്ലാ പോലീസ് ചീഫിന്റെയും ഔദ്യോഗിക വസതിക്ക്
സമീപത്താണ് കോടികളുടെ ചന്ദനം സംഭരിച്ചു വെച്ചതെന്നതും നടുക്കുന്ന
വസ്തുതയാണ്. രാപ്പകൽ പോലീസ് സാന്നിധ്യമുള്ള മേഖലയിൽ ചന്ദനം സൂക്ഷിച്ചത് നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതോടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയായിരുന്നു.
രണ്ടര കോടി രൂപയുടെ ചന്ദനമുട്ടികൾ 2020 ഒക്ടോബർ ആറിന് പുലർച്ചെ കാസർകോട് തായൽ നായന്മാർമൂലയിലെ അബ്ദുൾ ഖാദറിന്റെ (60) വീട്ടിലെ രഹസ്യ ഗോഡൗണിൽ നിന്ന് ലോറിയിൽ കയറ്റുന്നതിനിടെ പിടിച്ചെടുത്ത കേസിനാണ് ഈ ഗതി.കളക്ടറുടെ ഗൺമാനും ഡ്രൈവറുമാണ് ചന്ദനമുട്ടികൾ ചാക്കിൽ നിറച്ച് ലോറിയിൽ കയറ്റുന്നത് കണ്ടത്. ഇവർ അറിയിച്ചയുടൻ കളക്ടർ എത്തി ചന്ദനം പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു.
കേസ് അന്വേഷിച്ച കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അനിൽകുമാർ മൂന്നാം നാൾ വീട്ടുടമ അബ്ദുൾ ഖാദറിനെ അറസ്റ്റ് ചെയ്തതോടെ ചന്ദനക്കടത്ത് സംഘം നടുങ്ങി. ഇയാൾ കേസിൽ ഒന്നാംപ്രതിയാണ്. അന്വേഷണം മുറുകിയതോടെ അനിൽ കുമാറിനെ കണ്ണൂർ ആറളം റേഞ്ചിലേക്കു മാറ്റി. കേസുണ്ടായത് 2020 ഒക്ടോബറിലാണെങ്കിലും 2021 ജനുവരിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം ഉറപ്പായതോടെയാണ് രണ്ടാംപ്രതി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങിയത്.
കാസർകോട് ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ ചന്ദന കള്ളക്കടത്ത് കേസിന്റെ അന്വേഷണം പിന്നെ മുന്നോട്ടു പോയില്ല.കിലോഗ്രാമിന് 25,000 രൂപ വിലവരുന്ന മുന്തിയ ഇനം ചന്ദനമാണ് കടത്താൻ ശ്രമിച്ചത്. പോത്തിനെ കൊണ്ടുപോകുന്നുവെന്ന വ്യാജേന ചന്ദനം കടത്താനായിരുന്നു പദ്ധതി. കേസുമായി ബന്ധപ്പെട്ട് ലോറിയും മിനി വാനും രണ്ടു കാറുകളും പിടിച്ചെടുത്തിരുന്നു.ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ.. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലെ കാടുകളിൽ നിന്ന് മുറിച്ച ചന്ദന മരങ്ങൾ ലോക്ക് ഡൗണിൽ പൊലീസിന്റെ കർശന പരിശോധന ഉണ്ടായിട്ടും കാസർകോട്ട് എത്തിയത് എങ്ങനെ? കർണാടക സ്വദേശിയായ ഡ്രൈവർ, ചന്ദനം കാസർകോട്ട് എത്തിച്ച പ്രധാനി, മാഫിയ തലവൻ എന്നിവരെ പിടികൂടാൻ നടപടിയുണ്ടാകാതിരുന്നത് എന്തുകൊണ്ട്?അയൽ സംസ്ഥാനങ്ങളിൽ ചന്ദന ഫാക്ടറി ഇല്ലാതിരിക്കെ, ഈ ചന്ദനം കൊണ്ടുപോകുന്നത് എവിടേക്ക്?