പെരിയ സി.എച്ച്.സി സൂപ്പർ സ്പെഷ്യാലിറ്റി യാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
കാഞ്ഞങ്ങാട്: പെരിയ സി.എച്ച്.സി യിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്ജിന് നിവേദനം നൽകി. ജില്ലാ ആശുപപത്രി സ്ഥിതിചെയ്യുന്ന താലൂക്കിൽ താലൂക്ക് ആശുപത്രി എന്ന നിലയിലേക്ക് സി.എച്ച്.സിയെ ഉയർത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ സാങ്കേതികത്വം മറികടക്കാൻ സൂപ്പർ സ്പ്പെഷ്യാലിറ്റി സൗകര്യത്തോടുകൂടിയ ആശുപത്രിയാക്കി പെരിയ സി.എച്ച്.സിയെ ഉയർത്തണം. എൻഡോസൾഫാൻ രോഗികൾക്ക് ഏറെ ആശ്രയമായി മാറുന്ന ആശുപതി എന്ന നിലയിലുള്ള പ്രത്യേക പരിഗണന നൽകണം.
നിർദ്ദിഷ്ട എയർസ്ട്രിപ്പ് വരുന്ന സ്ഥലം, കേന്ദ്ര സർവ്വകലാശാല ഉൾപ്പടെ നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള ദേശീയ പാത 66 ൻ്റെ അരികിൽ പെരിയ ജംഗ്ഷനടുത്താണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്.
ഇവിടെ പ്രതിമാസം പതിനായിരത്തോളം രോഗികൾ ചികിത്സക്കെത്തുന്നുണ്ട്.
ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഇല്ലാത്തതും ജീവനക്കാരുടെ കുറവും ഭൗതിക സാഹചര്യങ്ങളുടെ അഭാവവും കാരണം കാഷ്വാലിറ്റിയും 24 മണിക്കൂറും ആവശ്യത്തിന് സേവനം ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ആയതിനാൽ പെരിയ സി.എച്ച്.സിയിൽ ഒരു സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റിയും ട്രോമകെയറും ഉൾപ്പെടെ സജ്ജമാക്കി അതിനനുസരിച്ചുള്ള തസ്തികകളും അനുവദിച്ച് ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഇതിനെ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ വസതിയിലെത്തിയാണ് കെ.മണികണ്ഠൻ നിവേദനം നൽകിയത്. പ്രസ്തുത വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ആരോഗ്യമന്തി വീണാജോർജ്ജ് ഉറപ്പുനൽകി.