കാല്‍നട പോലും ദുസ്സഹമായിമൂന്നാംമൈല് പറക്കളായി എണ്ണപ്പാറ പൂതങ്ങാനം പറക്കളായി റോഡ്.
കാഞ്ഞങ്ങാട്: കാൽനടക്കാർക്ക് പോലും വഴി നടക്കാനാവാതെ റോഡ് തകർന്നിട്ടും അധികൃതർക്ക് അനക്കമില്ല.
ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള മൂന്നാംമൈൽ – പറക്കളായി – എണ്ണപ്പാറ റോഡ് പൂതങ്ങാനം മുതൽ പറക്കളായി വരെ തകർന്നു കിടന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. അറ്റകുറ്റപണിക്കായി 30 ലക്ഷം രൂപ മാറ്റി വെച്ചു എന്ന അറിവല്ലാതെ മറ്റു യാതൊരു പ്രവർത്തനവും നടന്നതായി കാണുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാലവർഷം തുടങ്ങിയതോടു കൂടി ഇതിലൂടെയുള്ള കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. എണ്ണപ്പാറ- തായന്നൂർ – അടുക്കം ഭാഗത്തേക്ക് കാഞ്ഞങ്ങാട് നിന്നും വളരെ എളുപ്പത്തിൽ എത്താൻ പറ്റുന്ന റോഡാണിത്. എണ്ണപ്പാറ മുതൽ അയ്യങ്കാവ് വരെയും മൂന്നാംമൈൽ മുതൽ പൂതങ്ങാനം വരെയും മെക്കാഡം ടാറിങ്ങ് നടത്തിയെങ്കിലും ബാക്കി വരുന്ന പൂതങ്ങാനം – പറക്കളായി – അയ്യങ്കാവ് റോഡാണ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്.. എത്രയും പെട്ടന്നു തന്നെ റോഡിൻ്റെ അറ്റകുറ്റപണികൾ തീർത്ത് ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങാനുമാണ് നാട്ടുകാരുടെ തീരുമാനം.