വോട്ട് ചെയ്യാതിരിക്കാനും ബി.ജെ.പി. നേതാക്കള്‍ പണം നല്കി; മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി എം.എല്‍.എ.എന്‍.എ. നെല്ലിക്കുന്ന്
കാസര്‍കോട് :നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബി.ജെ.പി. നേതാക്കള്‍ പണം നല്‍കിയെന്ന് മുസ്ലിം ലീഗ് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്.
രണ്ട് ലക്ഷം രൂപയാണ് കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതായി എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു
മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് ആരോപണം.
വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ ഈ വാര്‍ഡുകളിലെത്തി കോഴ നല്‍കിയെന്നാണ് ആരോപണം. ഇതുശ്രദ്ധയില്‍പ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും എം.എല്‍.എ. പറഞ്ഞു. ബി.ജെ.പിയിലെ പ്രാദേശിക നേതാക്കള്‍ തന്നെയാണ് കോഴ നല്കാന് വീടുകള്‍ സന്ദര്‍ശിച്ചതെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുന്നതിനായി ബി.എസ്.പി. സ്ഥാനാര്‍ത്ഥി കെ. സുന്ദരയ്ക്കും ബി.ജെ.പി. പണം നല്കിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രണ്ടര ലക്ഷം രൂപയാണ് ബി.ജെ.പി. നല്‍കിയതെന്ന് സുന്ദര നേരത്തെ സംഘത്തോട് പറഞ്ഞിരുന്നു.