അസമില്‍ ബന്ധുക്കളായ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍; ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയെന്ന് ആരോപണം നാലുപേര്‍ കസ്റ്റഡിയില്‍
ഗുവാഹട്ടി: അസമിലെ കൊക്രാജ്ഹര്‍ ജില്ലയിലെ ഗ്രാമത്തില്‍ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 16, 14 വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തില്‍ കേസെടുത്തതായും മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കുട്ടികള്‍ ബലാത്സംഗത്തിനിരയായോ കൊലപാതകമാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് കൊക്രാജ്ഹര്‍ പോലീസ് അഡീഷണല്‍ സൂപ്രണ്ട് എസ്.എസ്. പനേസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ സംഭവത്തില്‍ വ്യക്തത വരുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ ഞായറാഴ്ച ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തും.