മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. പുതിയ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്നും പവാര്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍.സി.പി നാളെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണും.
അതേസമയം സഖ്യസര്‍ക്കാരിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പവാര്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി ശിവസേനയും കോണ്‍ഗ്രസും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം തുല്യമായി വീതിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിസ്ഥാനമാണു തങ്ങള്‍ക്കു വേണ്ടതെന്ന നിലപാടിലാണ് ശിവസേന. എന്‍.സി.പിക്ക് 14 സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 12 സ്ഥാനം മാത്രമാണു ലഭിക്കുക. ഇപ്രകാരമാണ് പൊതുമിനിമം പദ്ധതിതയ്യാറായിരിക്കുന്നത്.
ഇന്ന് മൂന്ന് പാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരാണ് കൂടിക്കാഴ്ച നടത്തുക.