തൃശൂരിൽ മാനസികരോഗിയായ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
തൃശൂർ: വരന്തരപ്പിള്ളിയിൽ മനോരോഗിയായ മകൻ അമ്മയെ കൊലപ്പെടുത്തി. വരന്തരപ്പള്ളി കച്ചേരിക്കടവിൽ കിഴകൂടൽ പരേതനായ ജോസിന്റെ ഭാര്യ മണി എന്ന എൽസി (74) ആണ് മരിച്ചത്. ഇവരുടെ മകൻ ജോർജിനെ (44) വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയാണ് എൽസിയെ വെട്ടേറ്റ് മരിച്ച നിലയിൽ അയൽവാസിയായ സ്ത്രീ കണ്ടെത്തിയത്. ഉടൻ തന്നെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിലും അറിയിച്ചു. സംഭവം നടക്കുമ്പോൾ ജോർജും എൽസിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നിരന്തരം വീട്ടിൽ കലഹം ഉണ്ടാകാറുള്ളതായി അയൽവാസികൾ പറയുന്നു.കഞ്ചാവിന് അടിമയായ ഇയാൾ വരന്തരപ്പിള്ളിയിൽ എസ് ഐ. ആയിരുന്ന തോമസിനെ വെട്ടിയ കേസിലും പ്രതിയാണ്. ഫോറൻസിക് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എൽസിക്ക് ഒരു മകൾ കൂടിയുണ്ട്.