സമ്മാനപ്പൊതിയുമായി നഗരസഭാ ചെയർപേഴ്സൺ മീനാക്ഷിയുടെ വീട്ടിലെത്തി.
കാഞ്ഞങ്ങാട് : പ്രവേശനോത്സവഗാനത്തിലൂടെ താരമായി മാറിയ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിനി മീനാക്ഷി രാജേഷിനെ തേടി കാഞ്ഞങ്ങാട് നഗരസഭയുടെ അഭിനന്ദനം. മീനാക്ഷി ആലപിച്ച ”പൂമ്പാറ്റകളായ് പാറാം നമുക്ക് പറവകളെ പോൽ പാടാം ” എന്ന പ്രവേശനോത്സവഗാനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹിറ്റായി മാറിയിരുന്നു. നഗരസഭ ചെയർമാൻ കെ.വി.സുജാത കുശാൽ നഗറിലെ വീട്ടിലെത്തിയാണ് മീനാക്ഷിയെ അഭിനന്ദിക്കുകയും പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തത്.
നാടിന് അഭിമാനമായി മാറിയ കൊച്ചു ഗായികയുടെ വളർച്ചയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് നഗരാധികാരി മടങ്ങിയത്. മുൻ കൗൺസിലർ സന്തോഷ് കുശാൽ നഗറും സംബന്ധിച്ചു. ടൈലറും ഓടക്കുഴൽ വാദകനുമായ രാജേഷ് മധുരക്കാട്ടിൻ്റെയും റോഷിണിയുടെയും മകളാണ് മീനാക്ഷി .
ഫോട്ടോ: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിനി മീനാക്ഷി രാജേഷിന് നഗരസഭ ചെയർമാൻ കെ.വി.സുജാത ടീച്ചർ സമ്മാനപ്പൊതി കൈമാറുന്നു.